
കൊല്ലം: കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം എടിഎസ് അന്വേഷിക്കുമെന്നും കേന്ദ്ര സേനകള്‍ക്ക് വിവരങ്ങള്‍ കൈമാറിയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ മുദ്രയുള്ളത് കൊണ്ടാണ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയത്. സംഭവത്തില്‍ ഇതരസംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ആശയവിനിമയം നടത്തിയെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമാണെന്ന് കണ്ടെത്തിയതോടെ മിലിറ്ററി ഇന്റലിജന്‍സും, റോയും, എന്‍.ഐ.എയും വിവരങ്ങള്‍ ശേഖരിച്ചു. മിലിറ്ററി ഇന്റലിജന്‍സ് സംഘം കുളത്തുപ്പുഴയില്‍ എത്തി അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിനു സമീപം ഹൈവേ നിര്‍മാണത്തിനായി എടുത്ത മണ്ണിനുമുകളില്‍ ശനിയാഴ്ച പകല്‍ മൂന്നരയോടെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
മടത്തറ സ്വദേശിയായ ടിപ്പര്‍ ലോറി ജീവനക്കാരന്‍ ജോഷി പാലത്തിനു സമീപം വനത്തിന്റെ അരികില്‍ പ്രാഥമികാവശ്യം നിറവേറ്റുന്നതിനിടെയാണ് മലയാളം ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ കവര്‍ കണ്ടത്. കവറില്‍ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ദീര്‍ഘദൂര പ്രഹരശേഷിയുള്ള ആധുനിക തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ 1981-82 വര്‍ഷം നിര്‍മിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here