ജേര്‍ണലിസം വിദ്യാര്‍ഥി ഫാത്തിമയുടെ ചികിത്സ ഏറ്റെടുത്ത ആരോഗ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സുഹൃത്തുക്കളും സഹപാഠികളും

കൊച്ചി: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജേര്‍ണലിസം വിദ്യാര്‍ഥി ഫാത്തിമയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്ത വാര്‍ത്തയ്ക്കുപിന്നാലെ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിയ്ക്കും നന്ദിയറിയിച്ച് ഫാത്തിമയുടെ സുഹൃത്തുക്കളും സഹപാഠികളും

ആരോഗ്യമന്ത്രിയെ ചെന്നുകണ്ടതിന്റെ അടുത്ത ദിവസം തന്നെ വെരിഫിക്കേഷന്‍ നടത്തുകയും ഫാത്തിമയുടെ ചികിത്സാചിലവുകള്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തുവെന്ന് മന്ത്രിയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് ഫാത്തിമയുടെ സുഹൃത്ത് ആര്യാ ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ചികിത്സാചിലവുകള്‍ കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പണം സമാഹരിക്കാന്‍ തുടങ്ങിയിരുന്നു. ഫാത്തിമയെ അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് നന്മയുള്ളവര്‍ ചെറുതും വലുതുമായ സഹായങ്ങള്‍ എത്തിച്ചിരുന്നു. ആരോഗ്യമന്ത്രിയെ ചെന്നുകണ്ടതിന്റെ അടുത്ത ദിവസം തന്നെ വെരിഫിക്കേഷന്‍ നടത്തി.

ഇന്നിതാ കേരള സര്‍ക്കാര്‍ ഫാത്തിമയുടെ ചികിത്സാചിലവുകള്‍ മുഴുവന്‍ ഏറ്റെടുത്തു. കേരള സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും സാമൂഹ്യ ക്ഷേമ വകുപ്പിനും ഒരുപാട് നന്ദി. ശൈലജ ടീച്ചര്‍ ഇഷ്ടം.??’; എന്നായിരുന്നു ആര്യയുടെ ഫേസ്ബുക്ക് കുറിപ്പ്.

‘എന്റെ സഹപാഠിയാണ് തിരുവനന്തപുരത്തുവെച്ച് ബസപകടം ഉണ്ടായി എസ് യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫാത്തിമ. അവളുടെ തുടര്‍ ചികിത്സയ്ക്കുള്ള മുഴുവന്‍ പണവും കേരള ഗവണ്‍മെന്റ് ഏറ്റെടുത്തു എന്നറിഞ്ഞതില്‍ എത്ര പറഞ്ഞാലും മതിയാകാത്ത അത്രയും സന്തോഷമുണ്ട് കാരണം രാവും പകലും പ്രസ് ക്ലബിലെ വിദ്യാര്‍ത്ഥികള്‍ അവളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു.

ഇതില്‍ എടുത്തുപറയേണ്ട ചിലരുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍’; ബാലു അഞ്ചല്‍ ഫേസ്ബുക്കില്‍ നന്ദി അറിയിച്ചു.

എത്ര നന്ദി പറഞ്ഞാലും തീരില്ല. വന്ന് കണ്ട് സഹായം ചോദിച്ചപ്പോള്‍ ഇത്ര പെട്ടന്ന് നടപ്പാക്കി തരും എന്ന് പ്രതീക്ഷിച്ചില്ല….”ഞങ്ങളുടെ സുഹൃത്ത് ഫാത്തിമയുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ ഏറ്റെടുത്ത വിവരം സന്തോഷപൂര്‍വം ഒപ്പം ഒത്തിരി നന്ദിയോടെയും അറിയിക്കുകയാണ്…സഹായിച്ച എല്ലാ നല്ല മനസുകള്‍ക്കും നന്ദി””??; കൃഷ്ണ എസ് നായര്‍ കുറിച്ചു.

ആരോഗ്യവകുപ്പിനും സാമൂഹ്യക്ഷേമ വകുപ്പിനും ഒപ്പം കേരളാ ഗവണ്‍മെന്റിനും ഒത്തിരി നന്ദി പറഞ്ഞുകൊണ്ട് ഈ സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുകയാണെന്നായിരുന്നു ഫാത്തിമയുടെ സുഹൃത്തായ രേഷ്മയുടെ പ്രതികരണം.

ഫെബ്രുവരി 13നുണ്ടായ അപകടത്തിലാണ് ഗുരുതരപരിക്കേറ്റ ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News