പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് എം കെ സക്കീര്‍; ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സി; കോച്ചിങ് സെന്ററുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍.

ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സിയെന്നും പരാതി ലഭിച്ച കോച്ചിങ്ങ് സെന്ററുകള്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്നും എം കെ സക്കീര്‍ പറഞ്ഞു.

സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ പാടില്ലെന്നത് ചട്ടമാണ്. ലഭിക്കുന്ന പരാതികള്‍ സ്വന്തം വിജിലന്‍സ് വഴിയും സര്‍ക്കാരിനെ അറിയിച്ചും അന്വേഷിക്കാറുണ്ട്. പരീക്ഷകള്‍ക്ക് മുമ്പ് ലഭിച്ച പരാതികള്‍ പരീക്ഷക്ക് മുമ്പ് തന്നെ കൈമാറിയിട്ടുണ്ടെന്നും എം കെ സക്കീര്‍ പറഞ്ഞു.

അതേസമയം, തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്സി പരിശീലന കേന്ദ്രങ്ങളായ ലക്ഷ്യ, വീറ്റോ എന്നിവിടങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തി. സംഭവത്തില്‍ വീറ്റോയില്‍ പഠിപ്പിച്ചിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടി.

സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും പിഎസ്സി കമ്മീഷനും നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ഷിബുവിന്റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യയെന്ന സ്ഥാപനമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വീറ്റോയെന്ന സ്ഥാപനത്തിന്റെ ഉടമസ്ഥത രഞ്ജന്‍ എന്ന ഉദ്യോഗസ്ഥന്റേതാണെന്നും സൂചനയുണ്ട്. എന്നാല്‍ സ്ഥാപനം ഇയാളുടെ മൂന്നു സുഹൃത്തുക്കളുടെ പേരിലാണെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

പിഎസ്സി ചോദ്യപേപ്പറുകള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി കോച്ചിങ് സെന്റര്‍ നടത്തിപ്പുകാര്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News