‘നമസ്‌തേ ട്രംപ്‌ ’ സംഘാടകര്‍ അജ്ഞാതര്‍; വരവേല്‍ക്കാന്‍ ഗുജറാത്ത് പൊടിക്കുന്നത് 120 കോടി രൂപ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ അഹമ്മദാബാദിൽ വരവേൽപ്പ്‌ നൽകുന്ന സമിതിക്കുപിന്നിൽ ആരാണെന്നത്‌ ദുരൂഹം.

‘ഡോണൾഡ്‌ ട്രംപ്‌ നാഗരിക്‌ അഭിനന്ദൻ സമിതി’യാണ്‌ വരവേൽപ്പ്‌ നൽകുന്നത്‌ എന്ന വിവരം മാത്രമേയുള്ളൂ. പോസ്‌റ്ററുകളിൽ ‘അഭിനന്ദൻ സമിതി’യുടെ പേരാണുള്ളത്‌.

പ്രതിപക്ഷത്തെ ചടങ്ങിന്‌ ക്ഷണിക്കാത്തത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ ‘അഭിനന്ദൻസമിതി’യാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്നും ആരെ ക്ഷണിക്കണമെന്ന്‌ അവരാണ്‌ തീരുമാനിക്കുന്നതെന്നുമായിരുന്നു വിദേശകാര്യവക്താവ്‌ രവീഷ്‌കുമാറിന്റെ പ്രതികരണം.

കൃത്യമായ മേൽവിലാസമോ വെബ്‌സൈറ്റോ സാമൂഹ്യമാധ്യമങ്ങളിൽ അക്കൗണ്ടോ ഇല്ലാത്ത സമിതി സംഘടിപ്പിക്കുന്ന വരവേൽപ്പിന്‌ ഗുജറാത്ത്‌ സർക്കാര്‍ 120 കോടി രൂപ പൊടിക്കുന്നുണ്ട്‌. മോഡിയും ട്രംപും മാത്രമാണ്‌ ‘നമസ്‌തേ ട്രംപ്‌’ പരിപാടിയിൽ പങ്കെടുക്കുന്നത്‌.

‘അഭിനന്ദൻ സമിതി’ ആരാണെന്നും അവർക്കുവേണ്ടി ഗുജറാത്ത്‌ സർക്കാർ കോടികൾ പൊടിക്കുന്നത്‌ എന്തിനാണെന്നും വിശദീകരിക്കണമെന്ന്‌ പ്രതിപക്ഷപാർടികൾ ആവശ്യപ്പെട്ടു.

‘ട്രംപ്‌ അഭിനന്ദൻ സമിതി ഭാരവാഹികളെ കണ്ടുപിടിക്കുന്നവർക്ക്‌ ലക്ഷം രൂപ പാരിതോഷികം’ പ്രഖ്യാപിച്ച് സാമൂഹ്യമാധ്യമങ്ങളിലും ചർച്ച സജീവമായി.

തിങ്കളാഴ്‌ച അഹമ്മദാബാദിലെ പുതുക്കിപ്പണിത മൊട്ടേരാ സ്‌റ്റേഡിയത്തിലാണ്‌ പരിപാടി. പുതുക്കിപ്പണിഞ്ഞതോടെ ലോകത്തെ വലിയ ക്രിക്കറ്റ്‌ സ്‌റ്റേഡിയമായി മൊട്ടേര മാറി.

ട്രംപും മോഡിയും സ്‌റ്റേഡിയം ഉദ്‌ഘാടനംചെയ്യുന്ന രീതിയിലാണ്‌ നേരത്തെ പരിപാടി ആസൂത്രണം ചെയ്‌തത്‌. എന്നാൽ, സ്‌റ്റേഡിയം ഉദ്‌ഘാടനത്തിന്‌ ക്രിക്കറ്റ്‌ അസോസിയേഷനെയും ബിസിസിഐ ഭാരവാഹികളെയും മറ്റും ക്ഷണിക്കേണ്ടി വരും.

ഇതോടെ മോഡിക്കും ട്രംപിനും ആവശ്യമായ പ്രാധാന്യം ലഭിക്കില്ല എന്ന കാരണത്താലാണ്‌ ‘നമസ്‌തേ ട്രംപ്‌’ വരവേൽപ്പ്‌ പരിപാടി മാത്രമാക്കിയത്.

സെപ്‌തംബറിൽ മോഡി അമേരിക്ക സന്ദർശിച്ചപ്പോൾ സംഘടിപ്പിച്ച ‘ഹൗഡി മോഡി’ പരിപാടിയുടെ മാതൃകയിലാണ്‌ ‘നമസ്‌തേ ട്രംപും’.

എന്നാൽ, ‘ഹൗഡി മോഡി’ക്ക്‌ വേണ്ടി യുഎസ്‌ സ്‌റ്റേറ്റ്‌, ഫെഡറൽ സർക്കാരുകൾ ഒരു രൂപ പോലും ചെലവിട്ടിട്ടില്ല.

ടെക്‌സാസ്‌ ഇന്ത്യൻ ഫോറമാണ്‌ ‘ഹൗഡി മോഡി’ സംഘടിപ്പിച്ചത്‌. പരിപാടിയിൽ അമേരിക്കയിലെ ഭരണകക്ഷിയായ റിപ്പബ്ലിക്‌ പാർടിയിലെയും പ്രതിപക്ഷമായ ഡെമോക്രാറ്റ്‌ പാർടിയിലെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു.

ഒരു കോടി ഒടുവിൽ ഒരു ലക്ഷമായി

അഹമ്മദാബാദ്: ഇന്ത്യയിൽവരുമ്പോൾ സ്വീകരിക്കാൻ ഒരു കോടി പേർ വരുമെന്ന് ട്രംപ് അവകാശപ്പെടുമ്പോൾ അത്രവരില്ലെന്ന് പറയാതെ പറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. മോഡി–ട്രംപ് റോഡ്‌ഷോയ്ക്ക് ദശലക്ഷങ്ങൾ പങ്കെടുക്കുമെന്നാണ് മുഖ്യന്റെ പ്രതികരണം.

70 ലക്ഷം പേർ വരുമെന്ന് മോഡി ഉറപ്പ് നല്കി എന്ന് ആദ്യം പറഞ്ഞ ട്രംപ്‌, രണ്ടുദിവസം കഴിഞ്ഞ് അത് ഒരു കോടിയാക്കുകയായിരുന്നു. റോഡ്‌ഷോയ്‌ക്ക് ഒരു ലക്ഷത്തിലേറെപ്പേർ ഉറപ്പായും വരുമെന്നാണ് കഴിഞ്ഞദിവസം അഹമ്മദാബാദ് മുനിസിപ്പൽ കമീഷണർ ട്വീറ്റ് ചെയ്തത്.

മെലാനിയ ഡൽഹിയിലെ സ്‌കൂളിലെത്തും; കെജ്‌രിവാളിനെ ഒഴിവാക്കി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റിന്റെ ഭാര്യ മെലാനിയ ഡൽഹിയിലെ സർക്കാർ സ്‌കൂൾ സന്ദർശിക്കുന്ന പരിപാടിയിൽനിന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെയും ഒഴിവാക്കി. ഡൽഹി സ്‌കൂളിലെ ‘ഹാപ്പിനെസ്‌ ക്ലാസുകളെ’ കുറിച്ച്‌ പഠിക്കാനും കുട്ടികളുമായി സംവദിക്കാനുമാണ്‌ മെലാനിയ എത്തുന്നത്.

നടപടിക്രമം അനുസരിച്ച്‌ അമേരിക്കയുടെ പ്രഥമവനിതയെ സ്‌കൂളില്‍ മുഖ്യമന്ത്രിയാണ് സ്വീകരിക്കേണ്ടത്. എന്നാൽ, രാഷ്ട്രീയവൈരാഗ്യത്തോടെ മോഡിസർക്കാർ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ഒഴിവാക്കിയെന്ന് ആംആദ്‌മി പാര്‍ടി ആരോപിച്ചു.

വിദ്യാഭ്യാസമന്ത്രി കൂടിയായ മനീഷ്‌ സിസോദിയയുടെ മേൽനോട്ടത്തിലാണ് രണ്ട്‌ വർഷം മുമ്പ് സർക്കാർസ്‌കൂളുകളിൽ ‘ഹാപ്പിനെസ്‌ ക്ലാസ്‌’ നടപ്പാക്കിയത്‌.

തിങ്കളാഴ്‌‌ചയാണ്‌ ട്രംപും മെലാനിയയും ഇന്ത്യയിൽ എത്തുന്നത്‌. ചൊവ്വാഴ്‌ച ഹൈദരാബാദ്‌ ഹൗസിൽ ട്രംപും മോഡിയും ചർച്ച നടത്തുന്ന അവസരത്തിലാകും മെലാനിയ ഡൽഹിയിലെ സ്‌കൂളില്‍ എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News