ജഫ്രബാദിലെ റോഡ് ഉപരോധ സമരത്തിനുനേരെ കല്ലേറ്, സംഘര്‍ഷം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗ് മാതൃകയില്‍ ഉപരോധ സമരം നടക്കുന്ന വടക്കു കിഴക്കല്‍ ഡല്‍ഹിയിലെ ജഫ്രബാദില്‍ കല്ലേറ്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണ് ഞായറാഴ്ച വൈകിട്ട് ജഫ്രബാദിനു സമീപം മജുപൂരില്‍ കല്ലെറിഞ്ഞത്.

ഒരു വിഭാഗം ആളുകള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ പ്രദേശത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു.

ഉപരോധ കേന്ദ്രത്തിനു ഒരു കിലോമീറ്റര്‍മാത്രം അകലെയാണ് കല്ലേറുണ്ടായത്. ആളുകളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് മജുപൂര്‍, ബാബര്‍പൂര്‍ മെട്രോസ്റ്റേഷനുകളും അടച്ചു.

ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ജഫ്രബാദ് മെട്രോസ്റ്റേഷനുമുന്നില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം പ്രതിഷേധം തുടങ്ങിയത്.

സീലംപൂരില്‍നിന്ന് മജുപൂരിലേക്കും യമുനവിഹാറിലേക്കും പോകുന്ന 66–ാം നമ്പര്‍ റോഡാണ് ആയിരത്തോളം സ്ത്രീകള്‍ ഉപരോധിക്കുന്നത്. സിഎഎ പിന്‍വലിക്കുംവരെ ഉപരോധം തുടരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

അര്‍ധരാത്രി ദേശീയ പതാകകളുമായി ആസാദി മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ റോഡ് പിടിച്ചെടുത്തത്. യുവതികളും കുട്ടികളുമടങ്ങിയ പ്രതിഷേധക്കാര്‍ ജയ്ഭീം മുദ്രാവാക്യം മുഴക്കി.

ഡിസിപി വേദ് പ്രകാശ് സൂര്യയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ജഫ്രബാദ് സ്റ്റേഷന്റെ എല്ലാ ഗേറ്റുകളും അധികൃതര്‍ അടച്ചു. സ്റ്റേഷനില്‍ മെട്രോകള്‍ നിര്‍ത്തില്ലെന്ന് ഡിഎംആര്‍സി ട്വീറ്റുചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് ജഫ്രബാദില്‍നിന്ന് ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനായി രാജ്ഘട്ടിലടക്കം കനത്ത സുരക്ഷയാണ് ഒരിക്കിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here