ഷഹീന്‍ബാഗില്‍ പ്രശ്‌‌നമുണ്ടാക്കുന്നത് പൊലീസാണ്, സമരക്കാരല്ല; സുപ്രീംകോടതിയില്‍ മധ്യസ്ഥന്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിനു ചുറ്റും പൊലീസ് തീര്‍ത്തിരിക്കുന്ന അനാവശ്യ ബാരിക്കേഡുകളാണ് ഗതാഗതക്കുരുക്കിനു കാരണമെന്ന് ദേശീയ ന്യൂനപക്ഷകമീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ വജാഹത്ത് ഹബീബുള്ള സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന ഏകആവശ്യത്തിനായി വ്യത്യസ്ത വിശ്വാസധാരകള്‍ സംഗമിച്ചുള്ള പ്രതിഷേധം സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടത്താന്‍ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമാണ് വജാഹത്ത് ഹബീബുള്ള. പ്രതിഷേധക്കാരെയും പൊലീസ് ബാരിക്കേഡുകളും സന്ദര്‍ശിച്ചശേഷമാണ് ഹബീബുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പ്രതിഷേധ വേദിയില്‍ നിന്ന് ഏറെ അകലെ സമാന്തര പാതകളും സമീപ വഴികളും പൊലീസ് തടഞ്ഞു. വഴിതിരിച്ചുവിടാനാകാത്ത ഈ റോഡുകളിലെ ബാരിക്കേഡുകളാണ് ഗുരുതര സാഹചര്യത്തിന് വഴിവെച്ചത്.

ഷഹീന്‍ബാഗിലും യുപിയിലും വഴിതടഞ്ഞതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വെളിപ്പെടുത്താന്‍ പൊലീസിനോട് ആവശ്യപ്പെടണം.

ജാമിയ, ന്യൂഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലേക്കുള്ള പ്രധാനറോഡ്, കാളിന്ദി കുഞ്ച് മെട്രോസ്റ്റേഷന്‍ റോഡ്, ഓഖ്ല, നോയിഡ എക്സ്പ്രസ്വേയിലേക്കും യമുനാ ബ്രിഡ്ജ് വഴി അക്ഷര്‍ധാം ക്ഷേത്രത്തിലേക്കുമുള്ള വഴികളിലും പൊലീസ് തടസംസൃഷ്ടിച്ചു.

രാജ്യവ്യാപകമായി പ്രതിഷേധം ക്ഷണിച്ചുവരുത്തിയ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്ന സമീപനം ഭരണഘടയ്ക്ക് വിരുദ്ധമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ പ്രതിഷേധക്കാരില്‍ പൗരത്വ ഭേദഗതി നിയമം കടുത്ത ഭയം ഉണ്ടാക്കിയിട്ടുണ്ട്.

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ തങ്ങളുടെയും തങ്ങളുടെ ഭാവിതലമുയുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്ന ചിന്തയാണ് ഇവരെ പ്രതിഷേധത്തിലേക്ക് നയിച്ചത്. എതിര്‍ശബ്ദത്തിന്റെ പേരില്‍ ജീവന് വലിയ ഭീഷണി നേരിടുമ്പോഴും അവര്‍ പ്രതിഷേധം തുടരുന്നു.

അവരുടെ അതിജീവനവും പ്രതിസന്ധിയിലാണ്. പ്രദേശവാസികളും കടക്കാരും എതിര്‍ക്കുന്നില്ലെന്നുമാത്രമല്ല ഈ ആവശ്യത്തോട് താദാത്മ്യം പ്രാപിച്ചു.

ഇന്ത്യന്‍ പൗരന്‍മ്മാരാണെന്നതില്‍ അഭിമാനിക്കുന്ന ഇവരെ ദേശദ്രോഹികളും പാകിസ്ഥാന്‍കാരുമാക്കി ഒരു വിഭാഗം രാഷ്ട്രീയ പാര്‍ടികളും മാധ്യമങ്ങളും മുദ്രകുത്തുന്നതില്‍ തീവ്രമനോവിഷമം നേരിടുന്നു.

എല്ലാ വശങ്ങളില്‍നിന്നും സുരക്ഷ നല്‍കുന്ന പ്രദേശമാണ് ഷഹീന്‍ബാഗ്, അവശ്യ സര്‍വീസുകള്‍ക്ക് കടന്നുപോകാന്‍ വഴിയൊരുക്കുന്നുണ്ടെന്നും വജാഹത്ത് ഹബീബുള്ള ചൂണ്ടിക്കാട്ടി.

ഷഹീന്‍ബാഗില്‍നിന്ന് പ്രക്ഷോഭകരെ നീക്കി ഗതാഗതതടസം ഒഴിവാക്കമെന്നുള്ള ഹര്‍ജിയാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

കേസ് തിങ്കളാഴ്ച പരിഗണിക്കും. മൂന്നംഗ സമിതിയിലെ അംഗങ്ങളായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡ, അഡ്വ. സാധ്നാരാമചന്ദ്രന്‍ എന്നിവര്‍ തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News