കോതമംഗലത്ത് കൂട്ടം തെറ്റി നാട്ടിലെത്തിയ കുട്ടിക്കൊമ്പനെ വനം വകുപ്പ് രക്ഷപ്പെടുത്തി. തുണ്ടം വനമേഖലയിലെ വാട്ടർ ടാങ്ക് പരിസരത്ത് നാട്ടുകാരാണ് ആദ്യം ആനക്കുട്ടിയെ കണ്ടത്.
വിശപ്പും ദാഹവും മാറിയതോടെ വനപാലകരുമായി കുട്ടിക്കൊമ്പൻ ചങ്ങാത്തത്തിലായി. വനപാലകരുടെ കയ്യിൽ നിന്ന് പഴം തട്ടിപ്പറിക്കുന്ന കുട്ടിക്കൊമ്പൻ ഇപ്പോൾ നാട്ടുകാരുടെയും കണ്ണിലുണ്ണിയാണ്.
തുണ്ടം ഫോറസ്ററ് റേഞ്ചിലെ വാടാട്ട് പാറ പലവൻ പടിയിലെ വാട്ടർ ടാങ്ക് പരിസരത്താണ് ആനക്കുട്ടിയെ കണ്ടത്. ആനകൾ കൂട്ടമായി ആണ് സഞ്ചരിക്കാര് എന്നതിനാൽ കുട്ടി ആനയ്ക്ക് ഒപ്പം ആനക്കൂട്ടവും കാണുമെന്നു നാട്ടുകാർ ഭയന്നു.
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം തുണ്ടം റേഞ്ചിലെ വനപാലകർ കുട്ടിയാനയ്ക്ക് അടുത്തെത്തി. പരുക്ക് കാരണം ഏറെ ക്ഷീണിതനായിരുന്നു കുട്ടിക്കൊമ്പൻ. പഴത്തിനോടുള്ള കുട്ടിക്കൊമ്പന്റെ ഇഷ്ടം തിരിച്ചറിഞ്ഞ വനപാലകർ ആനക്കുട്ടിക്ക് വെള്ളവും പഴവും നൽകി.
വിശപ്പ് മാറി ചങ്ങാത്തത്തിൽ ആയതോടെ വനപാലരുടെ കയ്യിൽ നിന്ന് പഴം തട്ടിയെടുക്കാനും കുട്ടിക്കൊമ്പൻ ശ്രമം നടത്തി.
കൂട്ടം തെറ്റിയതോ അസുഖം മൂലമോ കൂട്ടത്തിൽ നിന്ന് വേർപ്പെട്ടു പോയതാണ് രണ്ടു മാസം പ്രായമുള്ള കുട്ടിക്കൊമ്പൻ. ഇടമലയാർ പുഴയിലൂടെ ഒഴുകി വടാട്ട് പാറയിൽ എത്തിയതാകാം കുട്ടിക്കൊമ്പൻ എന്നാണു വനം വകുപ്പിന്റെ നിഗമനം.
താൽക്കാലിക വേലിയ്ക്ക് ഉള്ളിലാക്കിയ കുട്ടിക്കൊമ്പനെ മൃഗ ഡോക്ടർ പരിശോധിക്കും. രാത്രിയിൽ തള്ളയാനയെത്തി ആനക്കുട്ടിയെ കൂട്ടി കൊണ്ട് പോകുമോ എന്നും വനം വകുപ്പ് പരിശോധിക്കും

Get real time update about this post categories directly on your device, subscribe now.