തളിപ്പറമ്പില്‍ ഹൈടെക് ജില്ലാ ജയില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു

കണ്ണൂർ തളിപ്പറമ്പ് നിർമിക്കുന്ന ഹൈടെക് ജില്ലാ ജയിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ജയിലിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒൻപത് ഏക്കര്‍ സ്ഥലത്ത് പതിനെട്ട് കോടി രൂപ ചെലവിലാണ് മികച്ച സൗകര്യങ്ങളോടുകൂടിയ ജില്ലാ ജയില്‍ നിര്‍മിക്കുന്നത്.

രണ്ട് നിലകളില്‍ അഞ്ചു ബ്ലോക്കുകളായി നിര്‍മിക്കുന്ന ജയിലില്‍ 500 പേരെ പാര്‍പ്പിക്കാനാവും. ഡിജിറ്റല്‍ ലൈബ്രറി, അത്യാധുനിക അടുക്കള, ഡൈനിംഗ് ഹാള്‍, പൂന്തോട്ടം എന്നിവയും ജയിലില്‍ ഒരുക്കും. ആദ്യഘട്ട പ്രവൃത്തികള്‍ക്കായി 7.7 കോടി രൂപ അനുവദിച്ചുകഴിഞ്ഞു.

പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, പഴയങ്ങാടി, പരിയാരം, ആലക്കോട്, കുടിയാന്‍മല, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, പയ്യാവൂര്‍ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെയാണ് ഇവിടെ പാര്‍പ്പിക്കുക.

നിലവില്‍ ഇവരെ കണ്ണൂരിലെ വിവിധ ജയിലുകളിലാണ് താമസിപ്പിക്കുന്നത്.ജയിലിന്റെ നിർമാണം സമയബന്ധിതമായി പൂര്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കുറ്റകൃത്യം ചെയ്തവര്‍ക്ക് മാനസാന്തരത്തിനും സ്വയം സംസ്‌കരണത്തിനുമുള്ള ഇടങ്ങളായി ജയിലുകള്‍ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളോടെയുള്ള ജയിലുകള്‍ നിര്‍മിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജെയിംസ് മാത്യു എം എൽ എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ മഹ്മൂദ് അള്ളാംകുളം,ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel