
ഇന്ത്യൻ മഹാസമുദ്രമേഖലയിലെ അമേരിക്കയുടെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റുന്ന കരാര്‍ വേഗത്തിലാക്കാനുള്ള ചര്‍ച്ചയും ട്രംപ്- മോഡി കൂടിക്കാഴ്ചയിലുണ്ടാകും. തന്ത്രപ്രധാന ഭൂപടങ്ങളും ഉപഗ്രഹചിത്രവുമടക്കം കൈമാറേണ്ടിവരുന്ന അടിസ്ഥാന കൈമാറ്റ– സഹകരണ കരാര്‍ (ബെക്ക) സാധ്യമാക്കാനാണ് നീക്കം.
ബെക്കകൂടി നിലവില്‍ വന്നാല്‍ നാറ്റോ രാജ്യങ്ങൾക്ക് പുറമെ അമേരിക്കയുമായി പ്രതിരോധമേഖലയിലെ നാല് അടിത്തറ കരാറുകളിലും ഒപ്പുവയ്‌ക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ജിസോമിയ, ലെമോവ, കോംകാസ എന്നീ മൂന്ന് പ്രതിരോധ അടിത്തറ കരാറുകളിൽ ഇന്ത്യ ഇതിനോടകം ഒപ്പുവച്ചു.
ബെക്ക ഒപ്പുവയ്‌ക്കാൻ 2018 മുതൽ ചർച്ച പുരോഗമിക്കുകയാണെങ്കിലും ഇന്ത്യയുടെ ഉപഗ്രഹരഹസ്യങ്ങൾ അമേരിക്കയുടെ പക്കലാകുമെന്ന കാരണത്താൽ മോഡി സർക്കാർ മടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ കശ്‌മീർ, പൗരത്വ ഭേദഗതി നിയമ വിഷയങ്ങൾ ഉയർത്തിയും വ്യാപാരരംഗത്ത് കർക്കശനിലപാട് തുടർന്നും അമേരിക്ക മോഡിക്കുമേൽ സമ്മർദം ചെലുത്തി ബെക്കയിലേക്ക് അടുക്കുകയാണ്.
ഈ വർഷംതന്നെ കരാറിൽ ഒപ്പുവയ്‌ക്കാനാണ് അമേരിക്കയുടെ താൽപ്പര്യം. ഇതോടെ ഇന്ത്യൻ മഹാസമുദ്രമേഖലയിൽ അമേരിക്കയുടെ ഏത് പ്രതിരോധ ആവശ്യത്തിനും വാതിൽ തുറന്നിടുന്ന സാമന്ത രാജ്യമായി ഇന്ത്യ മാറും. ഇത് ഇന്ത്യക്ക് തന്ത്രപരമായി അപകടംചെയ്യുമെന്ന് പ്രതിരോധവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
ബെക്ക കരാർ
ഭൗമ–വ്യോമമേഖലയിൽ അടിസ്ഥാനവിവരങ്ങളുടെ കൈമാറ്റവും സഹകരണവും ഉറപ്പുവരുത്തുന്നതാണ് ബെക്ക. പ്രതിരോധ ആവശ്യങ്ങൾക്ക് ഭൂപടങ്ങളുടെയും ഉപഗ്രഹചിത്രങ്ങളുടെയുമൊക്കെ വിവരങ്ങൾ കൈമാറേണ്ടി വരും. പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ത്യൻ ഉപഗ്രഹങ്ങളിൽ അമേരിക്കയ്‌ക്ക് കൂടി ലഭ്യത കൈവരും.
ജിസോമിയ
പ്രതിരോധ അടിത്തറ കരാറുകളിലെ ജിസോമിയ എന്ന ആദ്യ കരാർ 2002ൽ വാജ്‌പേയി സർക്കാരിന്റെ കാലത്താണ് ഒപ്പിട്ടത്. സൈനിക ഇന്റലിജൻസ് വിവരങ്ങളുടെ കൈമാറ്റമാണ് ഈ കരാറിലൂടെ ഉറപ്പുവരുത്തിയത്.
ലെമോവ
മോഡി അധികാരത്തിലെത്തിയശേഷം 2016 ആഗസ്‌തിൽ രണ്ടാമത്തെ അടിത്തറ കരാറായ ലെമോവ (ലോജിസ്‌റ്റിക്‌സ് കൈമാറ്റ കരാർ) ഒപ്പുവച്ചു. ഈ കരാർ നിലവിൽ വന്നതോടെ ഇരുരാജ്യങ്ങൾക്കും പ്രതിരോധസംവിധാനങ്ങൾ പരസ്‌പരം ഉപയോഗിക്കാമെന്നായി.
വിമാനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കൽ, പടക്കപ്പലുകൾക്ക് നങ്കൂരമിടൽ എന്നിവയ്‌ക്ക് ഇരുരാജ്യങ്ങളും പരസ്‌പരം സഹകരിക്കണം. ചുരുക്കത്തിൽ ഇന്ത്യൻ മഹാസമുദ്രമേഖലയിലെ ഇന്ത്യയുടെ പ്രതിരോധ–- പശ്‌ചാത്തലസൗകര്യങ്ങൾ യുഎസ് സേനയ്‌ക്ക് യഥേഷ്ടം ഉപയോഗിക്കാൻ വഴിയൊരുങ്ങി.
കോംകാസ
മൂന്നാമത്തെ കരാറായ കോംകാസ 2018 സെപ്‌തംബറിലാണ് ഒപ്പിട്ടത്. പ്രതിരോധ ആവശ്യങ്ങൾക്കുള്ള വാർത്താവിനിമയ സംവിധാനങ്ങളുടെ പരസ്‌പര ഉപയോഗവും സഹകരണവുമാണ് ഇതിലൂടെ ഉറപ്പിച്ചത്. റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യ ഉപയോഗിക്കുന്ന പശ്‌ചാത്തലത്തിൽ ഇവയുടെ സാങ്കേതികരഹസ്യങ്ങൾ അമേരിക്കയ്‌ക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ കോംകാസ വഴിയൊരുക്കുമെന്നാണ് വിമർശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here