ഇരുട്ടിലാക്കില്ല; വൈദ്യുതി മുടങ്ങാതിരിക്കാന്‍ നടപടികളുമായി കെഎസ്‌ഇബി

സംസ്ഥാനത്ത്‌ ചൂട്‌ ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടികളുമായി കെഎസ്‌ഇബി. പുറത്തുനിന്ന്‌ 400 മെഗാവാട്ട്‌ അധിക വൈദ്യുതി ലഭ്യമാക്കിയും ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്രവൃത്തികൾ പൂർത്തിയാക്കി പരമാവധി ഉൽപ്പാദനം ഉറപ്പാക്കിയുമാണ്‌ വേനൽക്കാലത്ത്‌ ‘വെളിച്ചം’ ഉറപ്പാക്കുന്നത്‌.

ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ വിതരണ കമ്പനികളിൽനിന്ന്‌ ശരാശരി 200 മെഗാവാട്ട്‌ വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിച്ചു. മഴക്കാലത്ത്‌ സംസ്ഥാനത്ത്‌ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽനിന്ന്‌ തിരിച്ചുകൊടുക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണിത്‌.

ഇതിന്‌ പുറമെ ഹ്രസ്വകാല കരാർ വഴി 200 മെഗാവാട്ട്‌ കൂടി പുറത്തുനിന്ന്‌ എത്തിക്കും. ഏപ്രിൽ, മെയ്‌ മാസത്തേക്കാണിത്‌. യൂണിറ്റിന്‌ ശരാശരി മൂന്നര രൂപയ്‌ക്ക്‌ താഴെയാണ്‌ വൈദ്യുതി വാങ്ങുന്നത്‌.

പ്രധാന ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണ്‌. അറ്റകുറ്റപ്രവൃത്തി പൂർത്തിയാകുന്നതോടെ 1700 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും.

ഡാമുകളിലെ സ്ഥിതിയും തൃപ്‌തികരമാണ്‌. സംഭരണശേഷിയുടെ ശരാശരി 65 ശതമാനം ജലം ഡാമുകളിലുണ്ട്‌. മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 150 ദശലക്ഷം യൂണിറ്റ്‌ കൂടുതൽ ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം നിലവിലുണ്ട്‌.

കഴിഞ്ഞവർഷം വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോഡ്‌ ഇത്തവണ തകരുമെന്ന കണക്കുകൂട്ടലോടെയാണ്‌ മുൻകരുതൽ.

4300 മെഗാവാട്ടായിരുന്നു കഴിഞ്ഞവർഷത്തെ ‘റെക്കോഡ്‌ ഉപയോഗം’. മെയ്‌ മാസത്തിലായിരുന്നിത്‌. ഇക്കുറി 4400 മെഗാവാട്ട്‌ ആയി ഇത്‌ ഉയരുമെന്നാണ്‌ വിലയിരുത്തൽ.

ജനുവരി, ഫെബ്രുവരി മാസത്തിലെ ഉപയോഗത്തിലും വർധനവുണ്ടായി. നിലവിലെ സാഹചര്യത്തിൽ വേനൽക്കാലത്ത്‌ വൈദ്യുതിനിയന്ത്രണം വേണ്ടിവരില്ലെന്നും കെഎസ്‌ഇബി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here