ഇന്ത്യയിലേക്ക് പോവുകയാണെന്ന് ട്രംപ്; അവിടെ നിന്നോ തിരിച്ചു വരേണ്ടെന്ന് അമേരിക്ക

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്രോളി അമേരിക്കന്‍ പൗരന്‍മാരും. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രംപും ഭാര്യയും എയര്‍ക്രാഫ്റ്റില്‍ നിന്ന് പങ്കു വെച്ച വീഡിയോയുടെ കീഴിലാണ് പരിഹാസങ്ങള്‍ നടക്കുന്നത്.

ഇന്ത്യയില്‍ തന്നെ തങ്ങിക്കോളൂ തിരിച്ചു വരേണ്ടെന്നാണ് ചില അമേരിക്കന്‍ പൗരന്‍മാര്‍ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തിരിക്കുന്നത്.
ട്രംപ് നിങ്ങളുടെ സ്വന്തമാണ്. അദ്ദേഹത്തെ അവിടെത്തന്നെ നിര്‍ത്താന്‍ ഒരു മടിയും വിചാരിക്കേണ്ടെന്നാണ് ഒരാള്‍ കമന്റു ചെയ്തിരിക്കുന്നത്.

അതേസമയം, #GoBackTrump, #WallOfDivision ഹാഷ്ടാഗുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ചേരികളെ മറച്ച് വന്‍മതില്‍ പണിതും ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചും വന്‍തുക ചെലവഴിച്ചും നടത്തുന്ന ‘നമസ്തേ ട്രംപ്’ പരിപാടിക്കെതിരെ വന്‍പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് പുരോഗമന ബഹുജന സംഘടനകളും അക്കാദമിക് പണ്ഡിതരും വിദ്യാര്‍ഥികളും യുവജനങ്ങളുമെല്ലാം പ്രതിഷേധത്തിലാണ്.

ട്രംപിനെ പോലെ വര്‍ണവെറിയനും കുടിയേറ്റവിരുദ്ധനും ഇസ്ലാമിക വിരോധിയുമായ ഒരു പ്രസിഡന്റ് അമേരിക്കയുടെ സമീപകാല ചരിത്രത്തിലുണ്ടായിട്ടില്ല. ഇന്ത്യക്കാരടക്കമുള്ള അന്യരാജ്യക്കാര്‍ക്കെതിരായി വെറുപ്പിന്റെ രാഷ്ട്രീയം ഉയര്‍ത്തിയും തീവ്രദേശീയത ഘോഷിച്ചുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപ് അപ്രതീക്ഷിതമായി പ്രസിഡന്റ് പദവിയിലെത്തിയത്.

തെരഞ്ഞെടുപ്പിന് ശേഷവും വെളുത്തവരും കറുത്തവരുമെന്ന വേര്‍തിരിയലിലൂടെ വര്‍ണവെറിയുടെ രാഷ്ട്രീയം കടുത്ത രീതിയില്‍ത്തന്നെ തുടര്‍ന്നു. എച്ച് 1 ബി വിസകള്‍ നിയന്ത്രിച്ചുംമറ്റും ഇന്ത്യക്കാരടക്കമുള്ള പ്രവാസികളെ ട്രംപ് ദ്രോഹിച്ചു. പ്രസിഡന്റെന്നനിലയില്‍ കടുത്ത കുടിയേറ്റവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ചൈനയ്ക്കും ഇന്ത്യക്കും മറ്റുമെതിരായി വ്യാപാരയുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ആഗോള സമ്പദ്വ്യവസ്ഥയെ തകിടംമറിച്ചു. ഒപ്പം ഇറാന്റെ സേനാധിപനെ കൊലപ്പെടുത്തി പശ്ചിമേഷ്യയെ വീണ്ടും സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെയാണ് ട്രംപിന്റെ പ്രഥമ ഇന്ത്യാസന്ദര്‍ശനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി അമേരിക്കയില്‍ ‘ഹൗഡിമോദി’യെന്ന പേരില്‍ മോദിക്കായി ഒരു പ്രചാരണപരിപാടി ഒരുക്കപ്പെട്ടിരുന്നു. അതിന് പകരമെന്ന നിലയിലാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ ‘നമസ്തേ ട്രംപ്’ എന്ന പേരില്‍ മോദി ട്രംപിനായി സ്വീകരണമൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News