ദത്തെടുക്കല്‍: മാനദണ്ഡങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം: കുഞ്ഞുങ്ങളെ ദത്തെടുക്കുവാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ മൂന്നാമത് ഗവേണിംഗ് ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കുട്ടികളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ കുറഞ്ഞ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി.

രണ്ടര ലക്ഷം രൂപയുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത അപേക്ഷകര്‍ 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാധ്യത രഹിത ആസ്തി തെളിയിക്കുന്നതിനുള്ള രേഖകളും ആവശ്യമായ സോള്‍വന്‍സി ഉണ്ടെന്നുള്ള ഓഡിറ്റേഴ്‌സ് സ്‌റ്റേറ്റ്‌മെന്റും ഹാജരാക്കേണ്ടതാണ്.

അപേക്ഷകരുടെ കുറഞ്ഞ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയാക്കിയിരുന്നത് ഭൂരിഭാഗം പേരെയും അയോഗ്യരാക്കിയത് ദത്തെടുക്കല്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദത്തെടുക്കല്‍ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ വരുമാന പരിധിയുടെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ല ശിശു സംരക്ഷണ ഓഫീസില്‍ ഹാജരാകേണ്ടതാണ്.

ജില്ല അഡോപ്ഷന്‍ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിന് സാമ്പത്തികവും വൈകാരികവുമായ കഴിവുണ്ടെന്ന് ഉറപ്പ് വരുത്തും.

ജില്ല അഡോപ്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളില്‍മേലുള്ള പരാതികള്‍ സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ മെമ്പര്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്.

നിരസിച്ച അപേക്ഷകരുടെ കൈയില്‍ നിന്നും ഈടാക്കിയ അഡോപ്ഷന്‍ ഫീസ് അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതും നിരസിച്ച അപേക്ഷകര്‍ക്ക് ഫീസ് തിരിച്ചു നല്‍കുന്നതുമാണ്. ദത്തെടുക്കല്‍ താത്പര്യമുള്ള അപേക്ഷകര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
4

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News