‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; മലയാളിയുടെ കപട സദാചാരബോധത്തിന് നേരെ തിരിച്ചുപിടിച്ച കണ്ണാടി

കടം ,നഷ്ട പ്രണയം,വിവാഹേതര ബന്ധം-ഒരു ശരാശരി മലയാളി മധ്യ വര്‍ഗ കുടംബാംഗത്തെ ഇതിലേതേങ്കിലും ഒന്ന് സദാ മഥിക്കുന്നുണ്ടാകാം.ഈ വിഷയങ്ങളിലുണ്ടാകുന്ന പ്രതിസന്ധികളില്‍ കര്‍ട്ടനിട്ടാണ് മലയാളിയുടെ ജീവിതം.

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന മലയാള സിനിമ മലയാളിയുടെ മുഖത്തേക്ക് തിരിച്ചു പിടിച്ച കണ്ണാടിയാകുന്നു.

നഷ്ട പ്രതാപത്തിന്റെ ഭാരം താങ്ങുന്നവരാണ് കോട്ടയത്തെ റോയിയും കുടുംബവും.തറവാട്ടിലെ ഇളമുറക്കാരനായ റോഹന്റെ വിവാഹത്തിന് ലഭിക്കുന്ന സ്ത്രീധനം വേണം ഈ കുടുംബത്തെ ‘മാനക്കേടില്‍’ നിന്ന് കരകയറ്റാന്‍.അതിസമ്പന്നനായ മാത്തച്ചന്റെ മകള്‍ ലിന്‍ഡയാണ് വധു.
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണല്ലോ പ്രമാണം.

എന്നാല്‍ മലയാളി വിവാഹത്തിന്റെ അകംപൊളളയെ പൊളിച്ചെഴുതുകയാണ് ശംഭു പുരുഷോത്തമന്‍.’വെടിവഴിപാട്’ എന്ന തന്റെ ആദ്യചിത്രത്തിലൂടെ മലയാളി കുടുംബ പരിസരത്തെ വിളളലുകള്‍ വെളിപ്പെടുത്തിയ സംവിധായകനായ ശംഭു പുരുഷോത്തമന്‍ ഇത്തവണ ക്യാമറ തിരിച്ചിരിക്കുന്നത് സമൂഹത്തിന്റെ നിലനില്‍പിന് ആധാരം എന്ന് കരുതപ്പെടുന്ന വിവാഹം എന്ന പ്രസ്ഥാനത്തിന്റെ കച്ചവട സാധ്യതയിലേക്കാണ്.

ലക്ഷങ്ങള്‍ മുടക്കി സേവ് ദ ഡേറ്റ് വീഡിയോയുമൊക്കെയായി മനസമ്മതത്തിന് തയ്യാറെടുക്കുകയാണ് കുടുംബങ്ങള്‍.സിനിമ ആരംഭിക്കുന്നത് തന്നെ സ്ത്രീധനത്തുക കൈമാറുന്ന ചടങ്ങോടെയാണ്.

പ്രതിശ്രുത വരന് വധുവുമായി സംസാരിക്കാന്‍ മൊബൈല്‍ നമ്പര്‍ നല്‍കുന്നത് തടഞ്ഞു കൊണ്ട് റോയി പറയുന്നുണ്ട് ടെലഫോണ്‍ വിളികളിലൂടെ വിവാഹത്തിന് മുമ്പെ ഡിവോഴ്സ് ആവുന്ന സംഭവങ്ങളുണ്ടെന്ന്.

മനസമ്മത ചടങ്ങില്‍ പ്രതിശ്രുത വരന് മനസിലാകുന്നു വധുവിന് ചെറുതല്ലാത്ത മാനസിക പ്രശ്നങ്ങളുണ്ടെന്ന്.പക്ഷെ കുടംബ പ്രാരാബ്ദം തീര്‍ക്കാന്‍ വിവാഹവും സ്ത്രീധനവും അത്യാവശ്യമാണെന്ന് സഹോദരനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും തന്റേയും കുടുംബാംഗങ്ങളുടേയും വിവാഹേതര ബന്ധങ്ങളും നഷ്ടപ്രണയവുമെല്ലാം റോയിയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു.മനസമ്മത ചടങ്ങ് ആരെയൊക്കെ എവിടെയൊക്കെ എത്തിക്കും എന്ന ആകുലതയെ ചിരിമര്‍മ്മങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍.

ഒരേ ട്രാക്കിലൂടെ സിനിമയെ ചലിപ്പിക്കാന്‍ സംവിധായകന്‍ ആഗ്രഹിക്കുന്നില്ല.കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് സഞ്ചരിക്കുകയാണ് സിനിമ.ഒരു കഥാപാത്രവും പൂര്‍ണമല്ലെങ്കിലും ഓരോ കഥാപാത്രത്തിനും വ്യക്തിത്വം നല്‍കാന്‍ ശംഭു ശ്രദ്ധിച്ചിരിക്കുന്നു.

റോയിയായി വിനയ് ഫോര്‍ട്ടും അളിയനായി ടിനി ടോമും തകര്‍ത്തു.അരുണ്‍ കുര്യനാണ് പ്രതിശ്രുത വരനായ രോഹന്‍.പ്രതിശ്രുത വധു ലിന്‍ഡയായി തിളങ്ങിയ ശാന്തി ബാലചന്ദ്രന്‍ ഒരു വേള രേവതിയേയും ഉര്‍വശിയേയും ഓര്‍മ്മിപ്പിച്ചു.

അനില്‍ നെടുമങ്ങാടിന്റെ ദേവദാസ് മോഡല്‍ നിരാശാകാമുകന്‍ ആ നടന്റെ മറ്റൊരു വേറിട്ട വേഷമായി.അലന്‍സിയര്‍,അനുമോള്‍ ശ്രിന്‍ഡ,മധുപാല്‍.സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.ചിത്രത്തിന് ഊര്‍ജം പകര്‍ന്ന മറ്റൊരു മേഖല ഛായാഗ്രഹണമാണ്.കഥയുടെ ഒഴുക്കു തടസപ്പെടുത്താതെ സീനുകള്‍ പകര്‍ത്താന്‍ ജോമോന്‍ തോമസ് മികവുകാട്ടി.

അസുഖകരമായ യാഥാര്‍ത്ഥ്യങ്ങളെ രസകരമായി വരച്ചുവെയ്ക്കുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’.മലയാളിയുടെ കപട സദാചാര ബോധത്തെ ചിത്രം അനാവരണം ചെയ്യുന്നു.’വെടിവഴിപാട്’ പോലെ മറ്റൊരു മികച്ച ആക്ഷേപഹാസ്യ ചിത്രം കൂടി ശംഭു പുരുഷോത്തമന്‍ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here