പൗരത്വ നിയമത്തെ അനുകൂലിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹം: എം ബി രാജേഷ്

മുംബൈ: പൗരത്വ നിയമത്തെ അനുകൂലിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഭരണ പങ്കാളിയായ കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ സ്വന്തമായ നിലപാട് വ്യക്തമാക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന സംവാദത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുന്‍ എം പി.

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി വളര്‍ന്നുവന്ന പോരാട്ടത്തില്‍ മുംബൈ നഗരം പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മുന്‍ എം.പി എം ബി രാജേഷ് പറഞ്ഞു.

മുംബൈയിലെ മികച്ച കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധവുമായി വന്നത് രാജ്യവും ലോകവും ശ്രദ്ധിച്ചുവെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മുംബൈയില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന യൂത്ത് മാര്‍ച്ചിന് നേരെ വലിയ അതിക്രമമാണ് കോണ്‍ഗ്രസ്സ് പിന്തുണക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ അഴിച്ചു വിട്ടതെന്നും എം ബി രാജേഷ് വിമര്‍ശിച്ചു.

പോലീസ് അടിച്ചമര്‍ത്തലുകളെ അതിജീവിച്ച സമര വീര്യമാണ് പോരാട്ട സമരങ്ങളുടെ നഗരത്തില്‍ പോയ വാരം നടന്ന യൂത്ത് മാര്‍ച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിയുടെ പിന്നിലുള്ള ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ തുറന്നു കാണിക്കാന്‍ ഉപകരിക്കുന്ന തരത്തിലുള്ള ചര്‍ച്ചയായിരുന്നു മുംബൈയില്‍ നടന്നതെന്ന് രാജേഷ് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ ഭാവി ജീവിതത്തെ നിര്‍ണ്ണയിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ ആശയ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായി നെരൂള്‍ ന്യൂബോംബെ കേരളീയ സമാജം സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എം ബി രാജേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here