പരിശീലന വിമാനം തകര്‍ന്ന് വ്യോമസേന പൈലറ്റ് മരിച്ചു

ചണ്ടീഗഢ്: പഞ്ചാബില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് വ്യോമസേന പൈലറ്റ് മരിച്ചു. എന്‍.സി.സി. കേഡറ്റുകളെ വിമാനം പറത്താന്‍ പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന എന്‍.സി.സി. കേഡറ്റിന് പരിക്കേറ്റു.

ജി.എസ്. ചീമ എന്ന പൈലറ്റാണ് മരിച്ചത്. പട്യാല ഏവിയേഷന്‍ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള സിംഗിള്‍ എന്‍ജിന്‍- ടു സീറ്റര്‍ വിമാനമാണ് സംഗൂര്‍-പട്യാല റോഡിനു സമീപത്ത് തകര്‍ന്നുവീണത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ ആയിരുന്ന ചീമയെ എന്‍.സി.സി. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി ഡെപ്യൂട്ടേഷനില്‍ അയച്ചിരിക്കുകയായിരുന്നു. വിപിന്‍ കുമാര്‍ യാദവ് എന്ന എന്‍.സി.സി. കേഡറ്റിനാണ് പരിക്കേറ്റത്.

ഗവണ്‍മെന്റ് മോഹിന്ദ്ര കോളേജിലെ വിദ്യാര്‍ഥിയാണ് വിപിന്‍. പഞ്ച്കുളയിലെ ചണ്ടിമന്ദിറില്‍ സ്ഥിതി ചെയ്യുന്ന കമാന്‍ഡ് ആശുപത്രിയിലേക്ക് വിപിനെ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here