ഇടുക്കിയില്‍ വൃദ്ധനെ കൊന്ന് ചാക്കിലാക്കി തോട്ടില്‍ തളളി; യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി മറയൂരില്‍ വൃദ്ധനെ കൊന്ന് ചാക്കിലാക്കി തോട്ടില്‍ തളളിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മറയൂര്‍ ബാബുനഗര്‍ സ്വദേശി മാരിയപ്പനെ കൊന്ന് ചാക്കിലാക്കി തോട്ടില്‍ തള്ളുകയായിരുന്നു.മദ്യത്തിന്റെ പൈസയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചത്.

എരുമേലി സ്വദേശി മിഥുന്‍, മറയൂര്‍ സ്വദേശി അന്‍പഴകന്‍ എന്നിവരാണ് അറസ്റ്റിലായത്. മാരിയപ്പനും യുവാക്കളും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മദ്യം വാങ്ങിയതിന്റെ പങ്കുചോദിച്ച് മൂവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം അടിപിടിയിലും പിന്നീട് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. മറയൂര്‍ കെഎസ്ഇബി ഓഫീസിന് അടുത്തുളള തോട്ടില്‍ സംശയാസ്പദമായി കണ്ട ചാക്ക് വഴിയാത്രക്കാര്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയിലാവുകയായിരുന്നു. നാളെ മിഥുനേയും അന്‍പഴകനെയും കോടതിയില്‍ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here