ദില്ലിയില്‍ സംഘര്‍ഷം അതീവരൂക്ഷം; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ മാറ്റിവച്ചു

ദില്ലി: പൗരത്വ നിയമ പ്രതിഷേധങ്ങള്‍ക്കെതിരെ സംഘര്‍ഷം നടന്ന വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായി സംസാരിച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.

ഭജന്‍പുരയില്‍ വീണ്ടും വാഹനങ്ങള്‍ക്ക് തീയിട്ടു. കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ നല്‍കരുതെന്ന് മാധ്യമങ്ങളോട് ദില്ലി പൊലീസ് അഭ്യര്‍ത്ഥിച്ചു. കജുരി ഖാസില്‍ കൂടുതല്‍ സേനയെ വ്യന്യസിച്ചിരിക്കുകയാണ്.

അതേസമയം വടക്കു കിഴക്കന്‍ ദില്ലിയിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ രതന്‍ലാലും മൂന്ന് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. 45 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു.

ഷാഹ്ദരാ ഡിസിപിക്കും പരിക്കുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ രാജ്യ തലസ്ഥാനം പുകയുന്നത്. നിയമത്തെ അനുകൂലിക്കുന്നവര്‍ സമരക്കാരെ ആക്രമിക്കുകയായിരുന്നു.

നിരവധി വീടുകള്‍ക്ക് തീയിടുകയും രണ്ട് കാറും ഓട്ടോറിക്ഷയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഗോകുല്‍പുരി, ഭജന്‍പുര, ബാബര്‍പൂര്‍ എന്നിവിടങ്ങളിലേക്ക് പിന്നീട് സംഘര്‍ഷം വ്യാപിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like