ദില്ലിയില്‍ സംഘര്‍ഷം രൂക്ഷം; പലയിടത്തും നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പൗരത്വ നിയമഭേദഗതിയെ ചൊല്ലി ദില്ലിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 5 മരണം. വടക്ക് കിഴക്കന്‍ ദില്ലിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ദില്ലി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ദ്ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

കല്ലേറില്‍ ഒരു പൊലീസുകാരനും രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങളും കടകളും വീടുകളും സംഘപരിവാര്‍ അക്രമികള്‍ കത്തിച്ചു. ഭജന്‍പുരയില്‍ പെട്രോള്‍പമ്പിന് തീയിട്ടു. പൊലീസിന്റെയും അര്‍ധസൈനികരുടെയും വന്‍ സന്നാഹം രംഗത്തെത്തി. നിരവധിയിടത്ത് പൊലീസ് ലാത്തിവീശി കണ്ണീര്‍വാതകവും പ്രയോഗിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും പരക്കെ ഏറ്റുമുട്ടി. ട്രംപിന്റെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ വന്‍ സുരക്ഷ ഒരുക്കിയതിനിടെയാണ് സംഘര്‍ഷം രൂക്ഷമായത്. ചന്ദ്ബാഗില്‍ ഡ്യൂട്ടിക്കിടെ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റാണ് ഗോകുല്‍പുരി അസി. കമ്മിഷണര്‍ ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ മരിച്ചത്. ഡിസിപി എസ് അമിത് ഷര്‍മയ്ക്ക് പരിക്കേറ്റു. മുഹമ്മദ് ഫുര്‍ഖാന്‍ എന്ന നാട്ടുകാരനാണ് കൊല്ലപ്പെട്ട മറ്റൊരാള്‍.

ഇതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സംഘര്‍ഷത്തിനിടെ പൊലീസ് മുഹമ്മദ് ഷാരൂഖ് എന്നയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനൊപ്പംനിന്ന് അക്രമി പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കുയര്‍ത്തി വെടിവയ്ക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.

സംഘര്‍ഷത്തിനിടെ മൗജ്പുരിയില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. പത്ത് ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടുവെന്നാണ് നിലവില്‍ ദില്ലിയില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ജഫ്രബാദില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ അനിശ്ചിതകാല റോഡ് ഉപരോധത്തെ എതിര്‍ത്ത് ബിജെപി നേതാവ് കപില്‍മിശ്ര രംഗത്തുവന്നതോടെയാണ് അക്രമം തുടങ്ങിയത്. ഞായറാഴ്ച വൈകിട്ട് ജഫ്രബാദിനു സമീപം കപില്‍ മിശ്ര സിഎഎ അനുകൂല പരിപാടി സംഘടിപ്പിച്ചിരുന്നു.

റോഡ് ഉപരോധിക്കുന്നവരെ മൂന്നു ദിവസത്തിനുള്ളില്‍ പൊലീസ് ഒഴിപ്പിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും പ്രഖ്യാപിച്ചു. ഇതാണ് സംഘപരിവാറുകാര്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിലേക്ക് വഴിവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here