വന്ന കാര്യം മറന്നില്ല; കച്ചവടം ഉറപ്പിച്ച്‌ ട്രംപ്‌; വണങ്ങി, വഴങ്ങി മോദി

വരവേൽപ്പിന്റെ ആഘോഷത്തിനിടയിലും കച്ചവടമാണ്‌ പ്രധാന കാര്യമെന്ന്‌ ഓർമിപ്പിച്ച്‌ ട്രംപ്‌. 21,000 കോടി രൂപയുടെ ആയുധം ഇന്ത്യക്ക്‌ വിൽക്കുമെന്ന്‌ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്, ‌ ഇരുരാജ്യവും അസാധാരണ വാണിജ്യകരാറിലേക്ക്‌ നീങ്ങുകയാണെന്നും അഹമ്മദാബാദ്‌ മൊട്ടേരാ സ്‌റ്റേഡിയത്തില്‍ പ്രഖ്യാപിച്ചു.

ഇസ്ലാമിക തീവ്രവാദത്തെ നേരിടാൻ ഇന്ത്യ അമേരിക്കയുടെ സാമന്തരാജ്യമാകണമെന്ന ഭാഷ്യം ചമച്ച്‌, പ്രതിരോധ അടിത്തറ കരാറുകൾക്ക്‌ ട്രംപ്‌ ന്യായീകരണം നൽകി. അമേരിക്ക‌ ഇന്ത്യയുടെ പ്രധാന പ്രതിരോധപങ്കാളിയായി മാറും. ഇന്ത്യയുടെ വിശ്വസ്‌ത സുഹൃത്തായി അമേരിക്ക തുടരും. അതേസമയം, ഭീകരരെയും അവരുടെ ആശയങ്ങളെയും നേരിടാനുള്ള മാർഗമെന്ന്‌ അമേരിക്ക–പാകിസ്ഥാൻ സഹകരണമെന്നും ട്രംപ് വ്യാഖ്യാനിച്ചു.

ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജറേഡ്‌ കുഷ്‌നർ എന്നിവർക്കാപ്പം രണ്ട്‌ നാളത്തെ സന്ദർശനത്തിനെത്തിയ ട്രംപ്‌ സബർമതി ആശ്രമത്തിൽ 15 മിനിറ്റും താജ്‌മഹലിൽ ഒരു മണിക്കൂറും ചെലവിട്ടു. മൊട്ടേരാ സ്‌റ്റേഡിയത്തിലെ ‘നമസ്‌തേ ട്രംപ്‌’ സ്വീകരണപരിപാടിയിലും പങ്കെടുത്തു.

അഹമ്മദാബാദിൽ 70 ലക്ഷത്തോളംപേർ സ്വീകരിക്കാനെത്തുമെന്ന്‌ ട്രംപ്‌ മുമ്പ്‌ പറഞ്ഞുവെങ്കിലും കഷ്ടിച്ച്‌ ലക്ഷം പേരെ മാത്രമാണ്‌ എത്തിയത്‌. അഹമ്മദാബാദ്‌ വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോഡി ട്രംപിനെ സ്വീകരിച്ചു. സബർമതി ആശ്രമത്തിലേക്കും തിരികെ സ്‌റ്റേഡിയത്തിലേക്കുമുള്ള പാതയിൽ ഉടനീളം കലാരൂപങ്ങൾ ഒരുക്കി. ഇരുരാജ്യത്തിന്റെയും ദേശീയപതാകകളുമായി ജനങ്ങളെയും അണിനിരത്തി.

അഹമ്മദാബാദിൽനിന്ന്‌ ആഗ്രയിൽ എത്തി. ചിത്രങ്ങൾ എടുത്തും ട്രംപ്‌ കുടുംബം താജ്‌മഹൽ സന്ദർശനം ആസ്വദിച്ചു. ഇവിടെനിന്ന്‌ ഏഴരയോടെ ഡൽഹിയില്‍ എത്തി. രാത്രി ഐടിസി മൗര്യ ഹോട്ടലിൽ തങ്ങി. ചൊവ്വാഴ്‌ച രാവിലെ 10ന്‌ രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം.

11ന്‌ ഹൈദരാബാദ്‌ ഹൗസിൽ പ്രധാനമന്ത്രി മോഡി–-ട്രംപ്‌ കൂടിക്കാഴ്‌ച. രാത്രി ഏഴിന്‌ രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്ന്‌. 10ന്‌ മടക്കം. ട്രംപിന്റെ സന്ദർശനത്തിനെതിരെ ഇടതുപക്ഷ സംഘടനങ്ങളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചു.

50,000 കോടിയുടെ ആയുധം, 2.5 ലക്ഷം കോടിയുടെ ആണവനിലയം

അമേരിക്കയിലെ പ്രതിരോധവ്യവസായ ഭീമനായ ലോക്‌ഹീഡ്‌ മാർട്ടിൻ ഗ്രൂപ്പ്‌ നിർമിച്ച എംഎച്ച്‌–-60 ആർ ഹെലികോപ്‌ടറുകൾ വാങ്ങാനുള്ള 21,000 കോടിയുടെ കരാറിൽ ചൊവ്വാഴ്‌ച ഒപ്പിടും. ഇതടക്കം 50,000 കോടിയോളം രൂപയുടെ ആയുധകരാറിനാണ്‌ ചർച്ച നടക്കുന്നത്‌. സമുദ്ര നിരീക്ഷണ ഡ്രോണുകൾ, പി–-81 മുങ്ങിക്കപ്പൽ വേധ ആയുധസംവിധാനം, ദീർഘദൂര നിരീക്ഷണ വിമാനങ്ങൾ എന്നിവ വാങ്ങാനും പദ്ധതി തയ്യാറാണ്‌.

അമേരിക്കയിലെ വെസ്റ്റിങ്‌ഹൗസിൽനിന്ന്‌ ആറ്‌ ആണവ റിയാക്ടർ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപനം ചൊവ്വാഴ്‌ച മോഡിയും ട്രംപും ചേർന്ന്‌ നടത്തുമെന്നാണ്‌ സൂചന. രണ്ടരലക്ഷം കോടി രൂപയുടെ ഇടപാടിലൂടെ പ്രതിസന്ധിയിലായ അമേരിക്കൻ ആണവ വ്യവസായമേഖലയ്‌ക്ക്‌ പുത്തനുണർവ്‌ പകരനാണ്‌ ട്രംപ്‌ ലക്ഷ്യമിടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News