സബർമതിയിൽ ഗാന്ധിയെ മറന്ന്‌ ഡോണൾഡ്‌ ട്രംപ്‌

സബർമതി ആശ്രമത്തിലെ സന്ദർശകപുസ്‌തകത്തിൽ മഹാത്മാഗാന്ധിയെ കുറിച്ച്‌ ഒരു വാക്കും കുറിക്കാതെ ട്രംപ്‌. ചർക്കയിൽ നൂൽനൂറ്റ ശേഷം ട്രംപും ഭാര്യ മെലാനിയയും സന്ദർശകപുസ്‌തകത്തിന്‌ അടുത്തേക്ക്‌ നീങ്ങി. അതിൽ ട്രംപ്‌ ഇങ്ങനെ കുറിച്ചു: എന്റെ പ്രിയസുഹൃത്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌. ഈയൊരു ഗംഭീരസന്ദർശനത്തിന്‌ നന്ദി– ഡോണൾഡ്‌ ട്രംപ്‌. ട്രംപിന്റെ ഒപ്പിന്‌ താഴെ മെലാനിയയും ഒപ്പിട്ടു.

സന്ദർശകപുസ്‌തകത്തിലെ ഗാന്ധി പരാമർശമില്ലാത്ത കുറിപ്പ്‌ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. ട്രംപിന്റെ മുൻഗാമി ബറാക്ക്‌ ഒബാമ ഗാന്ധിയെക്കുറിച്ച്‌ എഴുതിയതും പറഞ്ഞതുമായ കാര്യങ്ങൾ പലരും ഓർമിപ്പിച്ചു.

ഒബാമ അന്ന്‌ കുറിച്ചത്‌

2010ലെ ഇന്ത്യാസന്ദർശന വേളയിൽ മുംബൈയിലെ മണിഭവൻ സന്ദർശിച്ച ഒബാമ സന്ദർശകപുസ്‌തകത്തിൽ കുറിച്ചതിങ്ങനെ: ഗാന്ധിജിയുടെ ജീവിതത്തിന്റെ നേർസാക്ഷ്യങ്ങൾ കാണാനായതിന്റെ പ്രചോദനവും പ്രതീക്ഷയും എന്നെ നിറയ്‌ക്കുകയാണ്‌. 2015ൽ രാജ്‌ഘട്ട്‌ സന്ദർശിച്ചപ്പോൾ ഒബാമ ഇങ്ങനെ കുറിച്ചു: മാർട്ടിൻ ലൂഥർ കിങ്‌ ജൂനിയർ അന്ന്‌ പറഞ്ഞത്‌ ഇന്നും സത്യമായി തുടരുന്നു.

ഗാന്ധിജിയുടെ ചൈതന്യം ഇന്ത്യയിൽ ഇന്നും സജീവമായി നിലകൊള്ളുന്നു. ലോകത്തിനാകെ വലിയൊരു സമ്മാനമാണിത്‌. എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ചൈതന്യത്തിൽ കഴിയാനാകട്ടെ. 2009ൽ നൊബേൽ പുരസ്‌കാരം സ്വീകരിച്ചുള്ള പ്രസംഗത്തിലും ഒബാമ ഗാന്ധിയെ പരാമർശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News