ഇനി രണ്ട്‌ വയസ്സായാല്‍ അങ്കണവാടിയിൽ പോകാം; പ്രായപരിധി രണ്ട് വയസ്സാക്കാന്‍ തത്വത്തിൽ തീരുമാനിച്ചു

കുട്ടിക്കുറുമ്പന്മാർക്ക്‌ അങ്കണവാടിയിൽ പോകാൻ മൂന്നുവയസ്സുവരെ കാത്തിരിക്കേണ്ട. രണ്ടുവയസ്സായാൽ കുഞ്ഞു ബാഗും വാട്ടർ ബോട്ടിലുമായി അങ്കണവാടിയിലേക്ക്‌ പിച്ചവയ്ക്കാം. കുട്ടികളെ അങ്കണവാടിയിൽ ചേർക്കാനുള്ള പ്രായം മൂന്നിൽനിന്ന്‌ രണ്ട്‌ വയസ്സാക്കാൻ സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചു. കുട്ടികളുടെ ശാരീരിക, വൈകാരിക, ബൗദ്ധിക വികസനം ഉറപ്പാക്കാനും ജോലിക്കാരായ അച്ഛനമ്മമാരുടെ ആവശ്യം പരിഗണിച്ചുമാണ്‌ പ്രായപരിധിയിൽ ഇളവ്‌.

അങ്കണവാടി പ്രായപരിധി രണ്ടുവയസ്സായി കുറയ്ക്കണമെന്നത്‌ ജോലിക്കാരായ മാതാപിതാക്കളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്‌. നഗരങ്ങളിൽ വസിക്കുന്ന ജോലിക്കാരായ മാതാപിതാക്കൾക്ക്‌ ചെറിയ കുട്ടികളുടെ പരിചരണം പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്‌. വലിയ ഫീസ്‌ വാങ്ങുന്ന ഡേ കെയറുകൾ കുട്ടികളുടെ ആരോഗ്യ പരിചരണത്തിൽ വീഴ്ചവരുത്തുന്നതായും പരാതി ഉയരുന്നു.

17 ഇടങ്ങളിൽ ആരംഭിക്കുന്ന ‘അങ്കണവാടി കം ക്രഷു’കളിൽ ആറുമാസം മുതലുള്ള കുഞ്ഞുങ്ങൾക്ക്‌ പ്രവേശനം നൽകാൻ പദ്ധതിയുണ്ട്‌. ഇത്തരം ക്രഷുകൾ വിജയകരമെങ്കിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. മറ്റിടങ്ങളിൽ രണ്ട്‌ വയസ്സ്‌ മുതലുള്ള കുരുന്നുകളെ അങ്കണവാടിയിൽ പ്രവേശിപ്പിക്കാനാണ്‌ ആലോചിക്കുന്നത്‌.

മാതാപിതാക്കൾക്ക്‌ ഡേ കെയറുകളുടെ കഴുത്തറുപ്പൻ ഫീസിൽനിന്ന്‌ രക്ഷനേടാം. കുട്ടികളുടെ വളർച്ചയ്ക്ക്‌ ആവശ്യമായ ശാസ്ത്രീയ ഭക്ഷണക്രമംമുതൽ സമയാസമയമുള്ള ആരോഗ്യ പരിശോധനയും പ്രതിരോധ കുത്തിവയ്പുംവരെ ലഭ്യമാകുകയും ചെയ്യും.

അങ്കണവാടികളിൽ പ്രവേശിപ്പിക്കുമെങ്കിലും മൂന്ന്‌ വയസ്സിൽ താഴെയുള്ള കുരുന്നുകളെ പാഠ്യപ്രവർത്തനങ്ങളിൽ പങ്കാളികളാക്കില്ല. ഡേ കെയർ സംവിധാനം എന്ന നിലയിലാകും കുട്ടികളുടെ പരിപാലനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News