കൂണ് പോലെ മുളയ്ക്കുന്ന കോച്ചിംഗ് സെന്‍ററുകള്‍; അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത വലിയ ബിസിനസ് ലോകം

പി എസ് സി കോച്ചിംഗ് സെന്‍ററുകള്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഒരു വലിയ ബിസിനസ് ലോകം കൂടിയാണ് പ്രതിവര്‍ഷം 80 ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ് പി എസ് സി പരീക്ഷ എ‍ഴുതുന്നത്. അതില്‍ പത്ത് ശതമാനം മല്‍സരാര്‍ത്ഥികള്‍ എങ്കിലും കോച്ചിംഗ് സ്ഥാപനങ്ങളില്‍ പോയി പഠിക്കുന്നവരാണ്. ഈ ബിസിനസിലൂടെ മാത്രം 800 കോടി രൂപയുടെ ഫീസാണ് കേരളത്തില്‍ നിന്ന് മാത്രം പിരിച്ചെടുക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അവരുടെ അടുത്ത ബന്ധുക്കളോ ആണ് മിക്ക സ്ഥാപനങ്ങളുടേയും നടത്തിപ്പുകാര്‍. മല്‍സര പരീക്ഷകള്‍ക്ക് ഏറ്റവും അധികം മാര്‍ക്കറ്റ് ഉണ്ടാകുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.

ഏതൊരു വീട്ടിലും മല്‍സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഒരു ഉദ്യോഗാര്‍ത്ഥിയോ, പഠിതാവോ എങ്കിലും ഉണ്ടാവും. ഇത് മുതലെടുത്താണ് കൂണുപോലെ പിഎസ്സി കോച്ചിംഗ് സെന്‍ററുകള്‍ മുളച്ച് പൊങ്ങുന്നത്. പ്രതിവര്‍ഷം 80 ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ് പിഎസ്സിയുടെ 560 ഒാളം വ്യത്യസ്ഥമായ പരീക്ഷകള്‍ എ‍ഴുതുന്നത്.

ഇതില്‍ 10 മുതല്‍ 15 ശതമാനം മല്‍സരാര്‍ത്ഥികള്‍ എങ്കിലും പിഎസ്സി കോച്ചിംഗ് സെന്‍ററുകളെ ആശ്രയിക്കുന്നുണ്ട്. 6000 മുതല്‍ 25000 രൂപവരെയാണ് പല പരീക്ഷകള്‍ക്കും കോച്ചിംഗ് സെന്‍ററുകള്‍ ഇടാക്കുന്ന തുക.8ലക്ഷം കുട്ടികളില്‍ നിന്ന് ശരാശരി 10000 രൂപ വീതം ഫീസ് ഇനത്തില്‍ പിരിച്ചാല്‍ പോലും 800 കോടി രൂപയുടെ വ്യവസായമാണ് പിഎസ്സി പരീക്ഷകളുടെ പേരില്‍ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്നത്.ലക്ഷ്യ പോലുളള സ്ഥാപനങ്ങള്‍ ജിഎസ്ടി പോലും കൊടുക്കത്തക്ക വിധത്തില്‍ വളര്‍ന്ന് പന്തലിച്ച സ്ഥാപനങ്ങളാണ് .

ബ്രില്ല്യന്‍സ് , എഡുസോണ്‍, സോഡിയാക്ക്, വീറ്റൊ പോലെയുളള സ്ഥാപനങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ പ്രമുഖ കോച്ചിംഗ് സ്ഥാപനങ്ങളാണ്. ഒൗദ്യോഗികവും അനൗദ്യോഗികമായി എത്ര പരീശീലന സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നോ,ഫീസ് ഇനത്തില്‍ വാങ്ങുന്നതില്‍ നിന്ന് എത്ര നികുതി സര്‍ക്കാരിലേക്ക് അടക്കുന്നുവെന്നോ ഒരു രൂപരേഖയും സര്‍ക്കാരിന്‍റെ പക്കലില്ല. മിക്ക സ്ഥാപനങ്ങള്‍ക്കും ഷോപ്പ് ആന്‍റ് എസ്റ്റാബിഷ്മെന്‍റ് ലൈസെന്‍സ് മാത്രമാണ് ഉളളത്.

കേരളത്തിലെ പ്രമുഖ കോച്ചിംഗ് സെന്‍ററുകള്‍ക്ക് എല്ലാം പിന്നില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉളളവരാണെന്ന് പരസ്യമായ രഹസ്യമാണ്. സര്‍വ്വീസില്‍ നിന്ന് അവധിയെടുത്താണ് ചിലര്‍ കോടികളുടെ വ്യവസായം നടത്തുന്നത്. ചിലര്‍ ഭാര്യ അടക്കമുളള അടുത്ത ബന്ധുക്കളുടെ പേരില്‍ സ്ഥാപനം നടത്തുന്നു. വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഇവരില്‍ പലര്‍ക്കും സര്‍ക്കാരിന്‍റെയോ പിഎസ്സിയുടെയോ ഒൗദ്യോഗിക അംഗീകാരം ഇല്ല എന്നതാണ് ഏറെ വിചിത്രമായ കാര്യം.

തങ്ങളുടെ ഗൈഡിലെ ചോദ്യങ്ങള്‍ ആണ് പിഎസ്സി പരീക്ഷക്ക് ചോദിക്കുക എന്ന പൊതുപ്രചരണവും ഇവര്‍ നടത്താറുണ്ട്. ഇത് പലപ്പോ‍ഴും പിഎസ്സിയുടെ വിശ്വാസത്യയെ തകര്‍ക്കുന്നു. സിവില്‍ സര്‍വ്വീസ് അക്കാദമി നടത്തിയിരുന്ന മലയാളി ഐപിഎസ് ഒാഫീസര്‍ സഫീര്‍ഖാനെ ഐഎഎസ് പരീക്ഷക്കിടെ കോപ്പിയടിച്ച് പിടിച്ചതും അടുത്തകാലത്താണ്.

കൂണ് പോലെ മുളയ്ക്കുന്ന ഇത്തരം കോച്ചിംഗ് സെന്‍ററുകള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുകയും,ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് പിരിക്കുന്നതിന് അനുപാതികമായ നികുതി സര്‍ക്കാരിലേക്ക് അടയ്ക്കുകയും വേണം എന്നവശ്യം ആണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News