ദില്ലി കത്തുന്നു; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും

വടക്കു കിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്നും ചേരും.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ദില്ലി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ദ്ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വടക്ക് കിഴക്കന്‍ ദില്ലയിലെ സംഘര്‍ഷത്തില്‍ 5 പേരാണ് ഇതുവരെ മരിച്ചത്. മോജ്പൂരില്‍ കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ആക്രമണങ്ങളില്‍ മരിച്ചത്. 105 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തില്‍ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണ്.

പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ആക്രമാസക്തമായി കലാപാന്തരീക്ഷത്തിലേക്ക് മാറിയത്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ ദില്ലിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്, കൂടുതല്‍ സേന സ്ഥലത്തെത്തിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകളും മാറ്റിവച്ചു. .

ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here