ട്രംപിന്റെ ഏകപക്ഷീയ അജൻഡയ്‌ക്ക്‌ മോദി സർക്കാർ വഴങ്ങരുത്: പിബി

യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഏകപക്ഷീയ അജൻഡയ്‌ക്ക്‌ വഴങ്ങരുതെന്ന്‌ മോദി സർക്കാരിനോട്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാൻ ഉതകുംവിധം യുഎസ്‌ കോർപറേറ്റ്‌ താൽപ്പര്യങ്ങൾക്ക്‌ ഉത്തേജനം പകരാൻ ഇന്ത്യൻ സമ്പദ്‌ഘടന കൂടുതൽ തുറന്നുകിട്ടാനാണ്‌ ട്രംപിന്റെ ശ്രമം.

ഇന്ത്യൻ കർഷകരെയും കാർഷികമേഖലയെയും യുഎസ്‌ അജൻഡ പ്രതികൂലമായി ബാധിക്കും; പ്രത്യേകിച്ച്‌ ക്ഷീര, കോഴിവളർത്തൽ മേഖലകളെ. വികസ്വരരാജ്യങ്ങളിലെ ഉൽപ്പന്നങ്ങളുമായുള്ള മത്സരം മറികടക്കാൻ യുഎസ്‌ സർക്കാർ അന്നാട്ടിലെ കർഷകർക്ക്‌ 86,700 കോടി ഡോളർ സബ്‌സിഡിയാണ്‌ നൽകിയത്‌.

എന്നാൽ, ഇന്ത്യൻ കർഷകർക്കും രാജ്യത്ത്‌ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന സംഭരണത്തിനും‌ ‌ സംരക്ഷണം നൽകുന്ന ഇറക്കുമതി തീരുവ നീക്കണമെന്നാണ്‌ ട്രംപിന്റെ ആവശ്യം. ഇതിന്‌ വഴങ്ങിയാൽ രാജ്യത്തെ കൃഷിയും കോടിക്കണക്കിന്‌ കർഷകരുടെ ജീവിതമാർഗവും നശിക്കും.

തദ്ദേശീയ ഔഷധങ്ങൾ നിർമിക്കുന്ന ഔഷധമേഖലയെയും ട്രംപ്‌ ലക്ഷ്യമിടുന്നു. യുഎസിലെ വൻകിട ഔഷധവ്യവസായ കോർപറേറ്റുകൾക്ക്‌ പ്രയോജനപ്പെടുംവിധം ഇന്ത്യയിലെ ലൈസൻസിങ്‌ സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ്‌ ആവശ്യം.

ഇന്ത്യൻ സമ്പദ്‌ഘടനയ്‌ക്കും രാഷ്ട്രീയപ്രക്രിയക്കുംമേൽ യുഎസ്‌ വ്യവസായികൾക്ക്‌ ആധിപത്യം സ്ഥാപിക്കാനുള്ള ലോകവ്യാപാര സംഘടനയിൽ ഡിജിറ്റൽ വാണിജ്യകരാർ ഒപ്പിടാനും സമ്മർദമുണ്ട്‌.

യുഎസിന്റെ തന്ത്രപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ആയുധവ്യാപാരം പ്രോത്സാഹിപ്പിക്കാനും ഒട്ടേറെ സൈനിക, സുരക്ഷ കരാറുകളിൽ ഒപ്പിടാനും സമ്മർദം

ശക്തമാണ്‌. ഇവ ചെറുക്കാൻ മോഡിസർക്കാർ തയ്യാറാകണം.അതോടൊപ്പം എച്ച്‌വൺ ബി വിസ, പാരിസ്‌ കാലാവസ്ഥാ വ്യതിയാന കരാർ എന്നീ വിഷയങ്ങളിൽ ഇന്ത്യൻ താൽപ്പര്യം സംരക്ഷിക്കുന്ന നിലപാടാണ്‌ മോഡിസർക്കാർ സ്വീകരിക്കേണ്ടത്‌.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉത്തരവാദികളായ യുഎസിനെ മതിയായ നഷ്ടപരിഹാരം നൽകാൻ നിർബന്ധിക്കണം. ട്രംപിന്റെ സന്ദർശനത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്‌. ജനങ്ങളുടെ ശബ്ദം കേൾക്കാൻ മോഡിസർക്കാർ തയ്യാറാകണമെന്നും പിബി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News