സംഘര്‍ഷാവസ്ഥ അതീവ രൂക്ഷം; മരണം 7 ആയി; കേജ്‌രിവാൾ ഉന്നതതല യോഗം വിളിച്ചു; 10 ഇടങ്ങളില്‍ നിരോധനാജ്ഞ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയിലെ സംഘര്‍ഷാവസ്ഥ അതീവ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉന്നതതല യോഗം വിളിച്ചു.

യോഗത്തില്‍ സംഘര്‍ഷ മേഖലകളിലെ എംഎല്‍എമാരും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. സംഘര്‍ഷത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. മേഖലയിലെ സ്‌കൂളുകള്‍ അടച്ചിട്ടു.

അഞ്ച് മെട്രോ സ്റ്റേഷനുകളും അടച്ചു. എട്ട് സിആര്‍പിഎഫ് കമ്പനി സേനയും റാപിഡ് ആക്ഷന്‍ ഫോഴ്‌സും വനിതാ സുരക്ഷാ സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ ജാഫറാബാദില്‍ റോഡ് ഉപരോധിച്ചുള്ള സമരം തുടരുകയാണ്.

അതേസമയം പൊലീസിന് നേരെ കഴിഞ്ഞ ദിവസം വെടിയുതിര്‍ത്ത ജാഫറാബാദ് സ്വദേശി ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തത് ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗമാണെന്നും മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാമെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ കമ്മിഷണര്‍ രാജേഷ് ഖുറാന ആം ആദ്മി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here