കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ ഗോമൂത്രത്തിന്റെ ഗുണഗണങ്ങള്‍ കണ്ടെത്താനായി നടത്തിയ പഠനം പരാജയപ്പെട്ടു. സ്വദേശികളായ പശുക്കളില്‍ നിന്നുള്ള മൂത്രത്തിന്റെ ഗുണഗണങ്ങള്‍ കണ്ടെത്താനായിരുന്നു പഠനം. ഫെബ്രുവരി 17ന് ആരംഭിക്കാനിരുന്ന ഗവേഷണം ശാസ്ത്രകാരന്മാര്‍ വിസമ്മതം അറിയിച്ചതോടെയാണ് പരാജയപ്പെട്ടത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് സ്വദേശി പശുക്കളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയ നീക്കം എന്ന് പേരിട്ടിരുന്ന പഠനം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ചില ശാസ്ത്രകാരന്മാരെയും തിരഞ്ഞെടുത്തിരുന്നുവെങ്കിലും പഠനത്തില്‍ നിന്ന് ഇവര്‍ പിന്‍മാറുകയായിരുന്നു.
ഗോമൂത്രത്തില്‍ ആരോഗ്യപരമായ ഗുണങ്ങളൊന്നും ഇല്ലെന്നും പഠനത്തില്‍ കഴമ്പില്ലെന്നും ശാസ്ത്രകാരന്മാര്‍ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു.
ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ പഠനങ്ങള്‍ നടത്തിയിട്ടും ഗോമൂത്രത്തെപ്പറ്റിയുള്ള സൂചനകള്‍ എവിടെയും കണ്ടിട്ടില്ലെന്നതിനാല്‍് തന്നെ ഈ പഠനം നടത്തുക വഴി ശാസ്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് കരുതുന്നതായാണ് ശാസ്ത്രകാരന്മാര്‍ കേന്ദ്രത്തെ അറിയിച്ചത്.
”ഇതൊരു തുറന്ന ഗവേഷണമാണെങ്കില്‍, എന്തുകൊണ്ട് പശുക്കളില്‍ മാത്രം കേന്ദ്രീകരിക്കണം? എന്തുകൊണ്ട് ഒട്ടകം, ആട് തുടങ്ങിയ ജീവികളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല?”- കൊല്‍ക്കത്ത സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അയാന്‍ ബാനര്‍ജി പറഞ്ഞു.
ഗോമൂത്രത്തിന്റെ ആരോഗ്യ ഗുണഗണങ്ങളെക്കുറിച്ച് വാചാലരാകുന്നവരാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതാക്കന്‍മാര്‍. ഗോമൂത്രം കുടിച്ചാല്‍ ക്യാന്‍സര്‍ മാറുമെന്നും തന്റെ സ്തനാര്‍ബുദം മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്നും ബിപി കുറയാന്‍ പശുവിനെ തടവിയാല്‍ മതിയെന്നുമൊക്കെയുള്ള നീരീക്ഷണങ്ങള്‍ മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍ നടത്തിയിരുന്നു.
രാജ്യത്ത് പല മരുന്നുകള്‍ ഉണ്ടാക്കുന്നതിനും ഗോമൂത്രം ഉപയോഗിക്കുന്നുണ്ടെന്നും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ ചികിത്സയ്ക്കു പോലും ഗോമൂത്രം ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ പരിഗണിച്ചു വരികയാണെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പറഞ്ഞിരുന്നു.
മരുന്നുകള്‍ ഉണ്ടാക്കുന്നതിനായി നാട്ടിലുള്ള വിവിധയിനം പശുക്കളുടെ മൂത്രം പലപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെന്നും ആയുഷ് മന്ത്രാലയം ഇതിനായി ഗൗരവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി സഹമന്ത്രി പറഞ്ഞിരുന്നു.

Get real time update about this post categories directly on your device, subscribe now.