സംഘപരിവാര്‍ ആക്രമണം; പ്രതികരണവുമായി ട്രംപ്

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും സംഘപരിവാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ദില്ലി സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അത് രാജ്യം തന്നെ പരിഹരിക്കേണ്ടതാണെന്നും ട്രംപ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മോദിയുമായി സംസാരിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സംഘപരിവാര്‍ അഴിഞ്ഞാട്ടം ജയ്ശ്രീറാം വിളിച്ചുകൊണ്ട്;
മതം ചോദിച്ച് വളഞ്ഞിട്ട് ആക്രമണം

ദില്ലി: പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെയാണ് ദില്ലിയില്‍ സംഘപരിവാര്‍ അക്രമം നടക്കുന്നത്.

ജാഫ്രാബാദില്‍ മുസ്ലീം പള്ളിക്ക് അക്രമി സംഘം തീയിട്ടു. ജയ്ശ്രീറാം എന്ന് വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. പള്ളി കത്തിച്ചത് ചിത്രീകരിച്ച എന്‍ഡി ടിവിയിലെ മാധ്യമപ്രവര്‍ത്തകരും ആക്രമണത്തിനിരയായി.

പേരും മതവും ചോദിച്ചുള്ള അക്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അക്രമി സംഘത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയുണ്ടാകുന്നില്ല. ടൈംസ് ഫോട്ടോഗ്രാഫറോട് ഹിന്ദുവാണോ മുസ്ലീമാണോ എന്ന് അറിയാന്‍ വസ്ത്രമൂരാന്‍ സംഘപരിവാര്‍ സംഘം ആവശ്യപ്പെട്ടത് നേരത്തെ വാര്‍ത്തയായിരുന്നു.

കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അക്രമിസംഘം തന്നോടും മതം ചോദിച്ച് വന്നെന്ന് മലയാളി മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. തോക്കും പിടിച്ച് നിന്ന പൊലീസുകാരുടെ മുന്‍പിലൂടെയാണ് പള്ളി ആക്രമിക്കാന്‍ സംഘപരിവാര്‍ സംഘം പോയത്. പിന്നീട് പള്ളിയില്‍ നിന്ന് തീ ഉയരുന്നത് കണ്ടുവെന്നും വെടിയൊച്ച കേട്ടുവെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്.

വടക്ക് കിഴക്കന്‍ ദില്ലി കലാപകാരികളുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. നിരവധിപേരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പൊലീസിന്റെയോ കേന്ദ്രസേനയുടെയോ സാന്നിധ്യമില്ല. കലാപകാരികളുടെ കയ്യില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുണ്ട്. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. 160 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെടിയേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here