ദില്ലിയില്‍ കലാപം കനക്കുന്നു; മരണം പതിമൂന്നായി; പ്രതികരിക്കാതെ പ്രധാനമന്ത്രി; രാജ്യതലസ്ഥാനത്ത് കേന്ദ്രസേന ഇറങ്ങി

രാജ്യതലസ്ഥാനത്തെ കലാപം ശമനമില്ലാതെ തുടരുകയാണ്. ദില്ലി മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ അക്രമം തടയാന്‍ സംഘര്‍ഷ സ്ഥലത്ത് കേന്ദ്രസേനയെ ഇറക്കി.

ആക്രമണങ്ങളില്‍ ഇന്നലെയും ഇന്നുമായി മരണപ്പെട്ടവരുടെ എണ്ണം പതിമൂന്നായി. ആക്രമണങ്ങളില്‍ 135 പേര്‍ക്ക് പരുക്കേറ്റു പലരുടെയും നില ഗുരുതരമാണ്.

രാജ്യ തലസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും വിഷയത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്രമികള്‍ അശോക് നഗറില്‍ പള്ളിക്ക് തീവച്ചു. നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. ദില്ലിയില്‍ നാലിടത്ത് കൂടി കര്‍ഫ്യൂ പ്രഖ്യാപിച്ചു.

മോജ്പൂര്‍, ജഫ്രബാദ് ചന്ദ് ബാഗ്, കര്‍വാള്‍ നഗര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ദില്ലി നഗരത്തില്‍ സംഘര്‍ഷം പടരുന്നതിനിടെ എസ്.എന്‍.ശ്രീവാസ്തവ ഐപിഎസിനെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു.

അദ്ദേഹം ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് വിവരം. വടക്കുകിഴക്കന്‍ ദില്ലിയിലെ സ്‌കൂളുകള്‍ക്ക് മറ്റന്നാളും അവധിയായിരിക്കുമെന്ന് ദില്ലി വിദ്യാഭ്യാസവകുപ്പ് മന്ത്രി മനീഷ് സിസോദിയ. ദില്ലി കലാപത്തിനിടെ വെടിയേറ്റ 12 പേരെ കൂടി ദില്ലി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജാഫ്രബാദ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെയായിരുന്നു പ്രതിഷേധം. മെട്രോ സ്റ്റേഷന് താഴെ പ്രതിഷേധിച്ചവരെയാണ് ഒഴിപ്പിച്ചത്.

ഇന്നും ഇന്നലെയുമായി ആകെ 13 പേര്‍ സംഘര്‍ഷങ്ങളില്‍ മരണപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

വടക്കുകിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷം കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അറിയിച്ചു.

ജഫ്രാബാദിലേക്കുള്ള റോഡ് പൊലീസ് അടച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പൊലീസിന് നിര്‍ദേശം. വടക്കുകിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷം കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here