‘നമസ്‌തേ ട്രംപ്‌’മുങ്ങിപ്പോയി; ട്രംപിന്റെ സന്ദർശനം ദില്ലി കലാപത്തിന്റെ നിഴലിലായെന്ന്‌ അന്താരാഷ്ട്രമാധ്യമങ്ങൾ

ട്രംപിന്റെ ഇന്ത്യാസന്ദർശനം ഡൽഹിയിലെ കലാപത്തിന്റെ നിഴലിലായെന്ന്‌ അന്താരാഷ്ട്രമാധ്യമങ്ങൾ. ‘നമസ്‌തേ ട്രംപ്‌’ പരിപാടിയും താജ്‌മഹൽ സന്ദർശനവും കലാപവാർത്തകൾക്കിടയിൽ മുങ്ങിപ്പോയി.

ട്രംപ്‌ താമസിക്കുന്ന ആഡംബരഹോട്ടലിന്‌ കിലോമീറ്ററുകൾ അകലെ നടന്ന കലാപം ബിബിസി, വാഷിങ്ടൺ പോസ്‌റ്റ്‌, അസോസിയേറ്റഡ്‌ പ്രസ്‌, റോയിട്ടേഴ്‌സ്‌, ദി ഗാർഡിയൻ, ഫ്രാൻസ്‌ -24, അൽജസീറ, ബ്ലൂംബെർഗ്‌ തുടങ്ങിയ മാധ്യമങ്ങൾ വിശദമായി റിപ്പോർട്ട്‌ ചെയ്‌തു.

‘ ട്രംപിന്റെ സന്ദർശനം രാജ്യതലസ്ഥാനത്ത്‌ കഴിഞ്ഞ ദശകത്തിൽ ഉണ്ടായ മാരകമായ മതകലാപത്തിൽ മുങ്ങിപ്പോയി’ – എന്നാണ്‌ ബിബിസി റിപ്പോർട്ടിൽ പറയുന്നത്‌.
‘സംഘർഷങ്ങളിൽ നിരവധി മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

തലസ്ഥാനത്ത്‌ പലയിടത്തും ആൾക്കാർ ചേരിതിരിഞ്ഞ്‌ കല്ലും ഇഷ്ടികയും വലിച്ചെറിയുന്നു. കൈയിൽ വടികളും കല്ലുമേന്തി, ജയ്‌ശ്രീറാം വിളിച്ച്‌ ആൾക്കൂട്ടം ആക്രമോത്സുകരായി നടക്കുന്നു’–എന്നും ബിബിസി റിപ്പോർട്ട്‌ ചെയ്‌തു. ‘വടക്കുകിഴക്കൻ ഡൽഹിയിൽ പടരുന്ന വൻ കലാപത്തിന്റെ നിഴലിലായി ട്രംപിന്റെ സന്ദർശനമെന്ന്‌’–- ദി ഗാർഡിയൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.

‘ട്രംപിന്റെ സന്ദർശനത്തിന്റെ രണ്ടാംദിനത്തിൽ അദ്ദേഹം രാഷ്ട്രീയ, ബിസിനസ്‌ രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തുമ്പോൾ ഒമ്പത്‌ മൈൽ അകലെ വൻ കലാപം അരങ്ങേറുകയായിരുന്നു’–എന്നാണ്‌ വാഷിങ്ടൺ പോസ്‌റ്റ്‌ റിപ്പോർട്ട്‌.

മോഡിയെ നാണം കെടുത്തി കലാപം
ട്രംപിന്റെ സന്ദർശനത്തിനിടെയുണ്ടായ കലാപം മോഡി സർക്കാരിന്‌ നാണക്കേടായി. മോഡിയുമായുള്ള കൂടിക്കാഴ്‌ചയിൽ കലാപത്തെക്കുറിച്ച്‌ സംസാരിച്ചില്ലെന്ന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞ ട്രംപ്‌ എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന്‌ അറിയിച്ചു. മോഡിയിൽ തനിക്ക്‌ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്‌ച രാത്രി ഏഴോടെ ട്രംപ്‌ ഡൽഹിയിലെത്തിയപ്പോൾതന്നെയാണ്‌ വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്‌പുർ, ബാബർപുർ മേഖലകളിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്‌. തിങ്കളാഴ്‌ച പകൽ പൂർണമായും ട്രംപും മോഡിയുമായിരുന്നു വാർത്തകളിൽ നിറഞ്ഞതെങ്കിൽ രാത്രി സ്ഥിതിമാറി.

ദേശീയചാനലുകളിൽ കലാപവാർത്ത നിറഞ്ഞു. ചൊവ്വാഴ്‌ചയും ട്രംപിന്റെ പരിപാടികളേക്കാൾ വാർത്തകളിൽ നിറഞ്ഞത്‌ കലാപംതന്നെ. മോഡി- ട്രംപ്‌ കൂടിക്കാഴ്‌ചയും സംയുക്ത പ്രസ്‌താവനയുമെല്ലാം ഇതിൽ മുങ്ങി.

ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമെല്ലാം ട്രംപ്‌ അഹമ്മദാബാദിലെ പ്രഭാഷണത്തിലും ഡൽഹി വാർത്താസമ്മേളനത്തിലും പുകഴ്‌ത്തിയിരുന്നു. അതേസമയംതന്നെ തലസ്ഥാന നഗരി വർഗീയകലാപത്തിൽ മുങ്ങിയത്‌ മോഡി സർക്കാരിന്‌ ക്ഷീണമായി. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ്‌ കലാപം തടയാൻ ഒന്നും ചെയ്‌തില്ലെന്ന വിമർശവും രൂക്ഷമാണ്‌.

കലാപം പൊട്ടിപ്പുറപ്പെട്ടത്‌ വടക്കുകിഴക്കൻ മേഖലയിലായതിനാൽ ട്രംപിന്റെ സന്ദർശനത്തെ അത്‌ കാര്യമായി ബാധിച്ചില്ല. തെക്കൻ ഡൽഹി, ന്യൂഡൽഹി മേഖലകളിലായിരുന്നു ട്രംപും മെലാനിയയും.

ചൊവ്വാഴ്‌ച രാത്രി രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ ട്രംപിനൊപ്പം പ്രധാനമന്ത്രി മോഡി വിഭവങ്ങൾ ആസ്വദിക്കുമ്പോഴും വടക്കുകിഴക്കൻ ഡൽഹി കത്തുകയായിരുന്നു.

ഇക്കുറി ഗാന്ധിജിയെ മറന്നില്ല
സബർമതി ആശ്രമത്തിൽ ഗാന്ധിജിയെ മറന്ന ട്രംപ്‌ രാജ്‌ഘട്ടിൽ ആ കുറവ്‌ നികത്തി. ചൊവ്വാഴ്‌ച രാവിലെ ഭാര്യ മെലാനിയക്കൊപ്പം ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്‌ഘട്ടിലെത്തിയ ട്രംപ്‌ പുഷ്‌പചക്രമർപ്പിച്ചു. തുടർന്ന്‌ സന്ദർശകപുസ്‌തകത്തിൽ ഗാന്ധിജിയുടെ പേര്‌ പരാമർശിച്ചു. ട്രംപ്‌ കുറിച്ചതിങ്ങനെ: ‘ഉജ്വല പരമാധികാര രാജ്യമായ ഇന്ത്യക്കൊപ്പം അമേരിക്കയിലെ ജനങ്ങൾ അടിയുറച്ച്‌ നിൽക്കുന്നു– മഹാനായ മഹാത്മാ ഗാന്ധിയുടെ ദർശനം. ഇതൊരു ഗംഭീര ബഹുമതിയാണ്‌’. സബർമതി ആശ്രമത്തിലെ സന്ദർശകപുസ്‌തകത്തിൽ ഗാന്ധിജിയെക്കുറിച്ച്‌ എഴുതാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ നന്ദിയെന്നുമാത്രമാണ്‌ ട്രംപ്‌ എഴുതിയത്‌. ഇത്‌ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.\

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here