ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം

ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം. നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുമാനം.

അവിനശിയിലെ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തിയത്. അപകടത്തെ തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ യോഗം വലയിരുത്തി. ട്രക്ക്് ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്ന് മനസിലായതിനാലാണ് ഡ്രൈവിങ്ങിന് പുതിയ പ്രവര്‍ത്തന മാര്‍ഗരേഖ കൊണ്ടുവരുന്നത്. ഇതു പ്രകാരം എട്ടു മണിക്കൂറിലധികം ഡ്രൈവര്‍ വാഹനമോടിക്കാന്‍ പാടില്ല.

മാര്‍ഗരേഖ കെ.എസ്.ആര്‍.ടി. സിയിലും നടപ്പിലാക്കും. വിഷയം ലോറി ഉടമകളുമായും ഡ്രൈവര്‍മാരുമായും ചര്‍ച്ച ചെയ്യും. ഗതാഗത നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി ഒരോ ജില്ലയിലും 14 പ്രത്യേക സംഘത്തെ നിയമിക്കാനും യോഗം തീരുമാനിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുമടങ്ങുന്നതായിരിക്കും പ്രത്യേക സംഘം.

ലോറിയിലെ കണ്ടെയിനര്‍ ലോക്ക് ചെയ്യാത്തതും അപകടത്തിന്‍റെ ആഘാതം കൂട്ടിയെന്ന് അന്വേഷണ റിപ്പോര്‍ടില്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ഇനിയുള്ള പരിശോധനകളില്‍ പ്രത്യേകം ശ്രദ്ധിക്കും. നാഷ്ണല്‍ ഹൈവേയില്‍ 37ഉം സ്റ്റേറ്റ് ഹൈവേയില്‍ 11 ഉം വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. നിലവിലെ നിയമപ്രകാരം ടാങ്കര്‍ ലോറികളില്‍ രണ്ടു ഡ്രൈവര്‍മാരുടെ അവശ്യം ഇല്ല.

ഈ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. എല്ലാ വാഹനത്തിലും ജിപിഎസ് ഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി. ഡിജിപി ലോക് നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel