പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവം; അന്വേഷണം ഏറ്റെടുക്കില്ലെന്ന് എന്‍.ഐ.എ

കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഏറ്റെടുക്കില്ലെന്ന് എന്‍.ഐ.എ സംസ്ഥാന പൊലീസിനെ അറിയിച്ചു. കേസിൽ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തു. മുന്‍പ് തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയടക്കമാണ് ചോദ്യം ചെയ്തത്.

പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തി നാല് ദിവസം പിന്നിടുമ്പോള്‍ ഇരുന്നൂറോളം പേരെയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. മുന്‍പ് തീവ്രവാദ സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍, ഐ.എസ് ആശയം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവര്‍, പ്രദേശത്തുകൂടി സ്ഥിരമായി യാത്ര ചെയ്യുന്ന ലോറി ഡ്രൈവര്‍മാര്‍ തുടങ്ങി പ്രദേശവാസികളെ വരെ പൊലീസ് ചോദ്യം ചെയ്തു.

പ്രദേശത്ത് നിന്ന് കണ്ടെത്തിയ തമിഴ്‌നാട്ടിലെ കോഴി ഫാമിന്റെ വൈദ്യുതബില്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കോഴി ഫാമിലെ പേപ്പര്‍ മാലിന്യങ്ങള്‍ സാധാരണ ഈ പ്രദേശത്താണ് നിക്ഷേപിക്കുന്നതെന്നാണ് ഉടമ നല്‍കിയ മൊഴി.

അക്കൂട്ടത്തില്‍ വൈദ്യുതബില്ലും ഉള്‍പ്പെട്ടെന്നാണ് ഉടമയുടെ മൊഴി. എന്നാല്‍ ഇക്കാര്യം അന്വേഷണസംഘം പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തമിഴ്‌നാടിന് പുറമേ കര്‍ണാടക കേന്ദ്രീകരിച്ചു കൂടി അന്വേഷണ നടത്താനാണ് പൊലീസിന്റെ തീരുമാനം.

കര്‍ണാടക പൊലീസിന് വെടിയുണ്ടകളുടെ ചിത്രങ്ങളും ദൃശ്യങ്ങളുമടക്കമുള്ള രേഖകള്‍ അന്വേഷണസംഘം കൈമാറി. കര്‍ണാടകയില്‍ ഉണ്ടായ സമാനസംഭവങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്ന് എന്‍.ഐ.എ തീരുമാനിച്ചു. അക്രമണം ഉണ്ടാകാത്തതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് എന്‍.ഐ.എ സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News