ദില്ലിയില്‍ സംഘര്‍ഷം നിയന്ത്രണാതീതം; മരിച്ചവരുടെ എണ്ണം പതിനേഴായി

ദില്ലിയില്‍ നിയന്ത്രണാതീതമായി ആളിപ്പടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാര്‍ എന്നിവിടങ്ങളില്‍ കലാപകാരികള്‍ വ്യാപകമായി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. കലാപത്തിനിടെ വെടിയേറ്റ 70 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ നാല് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാനുള്ള ഉത്തരവ് ഡല്‍ഹി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

നാലിടങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. അതേസമയം, സീലംപൂരില്‍ എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. കലാപത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മെട്രൊ സ്റ്റേഷനുകള്‍ തുറന്നു.

ദില്ലിയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേര്‍ത്തത്.

മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ പുതിയതായി നിയമിച്ച സ്‌പെഷ്യല്‍ ഡല്‍ഹി കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയും പങ്കെടുത്തു. മൗജ്പൂര്‍, ജാഫ്രാബാദ് തുടങ്ങിയ അക്രമബാധിത പ്രദേശങ്ങളില്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും എംഎല്‍എമാരും തമ്മില്‍ മികച്ച ഏകോപനം നടത്താന്‍ യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News