ഗുജറാത്ത് വംശഹത്യയുടെ പകര്‍പ്പാണ് ദില്ലിയില്‍ സംഘപരിവാര്‍ ആവര്‍ത്തിക്കുന്നത്; വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒന്നിച്ച് പോരാടാം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിൽ നടന്ന വംശഹത്യയുടെ പകർപ്പാണ്‌ ഡൽഹിയിൽ നടക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിരേി ബാലകൃഷ്‌ണൻ.

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെന്ന് കേൾക്കുമ്പോൾ വിറളിപിടിക്കുന്നവരാണ് വടക്കുകിഴക്കൻ ഡൽഹിയെ വർഗീയ കലാപത്തിൽ ചുട്ടെരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഗുജറാത്തിൽ പടർന്നുപിടിച്ച വർഗീയ കലാപം വംശഹത്യയായി മാറിയ ചരിത്രത്തിൻ്റെ പകർപ്പാണ് ഡൽഹിയിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ‐ കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരെ തുടരുന്ന ജനകീയ പ്രതിഷേധങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട്‌ സംഘപരിവാർ തുടങ്ങിയ കലാപത്തിൽ ഇതിനകം പതിമൂന്ന്‌ പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു.

മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്‌. ഒരു മതവിഭാഗത്തിന്റെ മാത്രം കടകളും വീടുകളും വാഹനങ്ങളും തെരഞ്ഞുപിടിച്ച്‌ കത്തിക്കുകയും നശിപ്പിക്കുകയുമാണ്‌.

ഇതരസംസ്ഥാന തൊഴിലാളികളും മുസ്ലിങ്ങളും വടക്കുകിഴക്കൻ ഡൽഹിയിൽനിന്നു കൂട്ടത്തോടെ പലായനം ചെയ്യുകയാണ്‌. തോക്കുകളുമായി ‘ജയ്‌ ശ്രീറാം’ വിളിച്ചാണ്‌ കലാപകാരികൾ അഴിഞ്ഞാടുന്നത്‌.

മാധ്യമപ്രവർത്തകർപോലും ആക്രമിക്കപ്പെട്ടു. രാജ്യതലസ്ഥാനത്ത്‌ നിയമവാഴ്‌ച പൂർണമായും തകർന്നിരിക്കുന്നു. പോലീസ് അടക്കമുള്ള ഭരണകൂട ഉപകരണങ്ങളെ കലാപത്തിന്നായി ഉപയോഗിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ്‌ ഇന്ത്യ സന്ദർശിച്ച സമയത്താണ് ഡൽഹിയെ കലാപഭൂമിയാക്കി മാറ്റിയത്. കലാപസ്ഥലത്തുനിന്ന്‌ 20 കിലോമീറ്റർ അകലെ അമേരിക്കൻ പ്രസിഡന്റും പ്രതിനിധിസംഘവും താമസിക്കുമ്പോൾ തൊട്ടിപ്പുറത്ത് വർഗീയതയുടെ കലാപാഗ്നി ആളിപ്പടർത്തുകയായിരുന്നു സംഘികൾ.

ആ അവസരത്തിൽ മോഡിയും ഷായും ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാൻ ചെറുവിരൽ പോലും അനക്കാത്തത് ആർ എസ് എസ് തീരുമാനത്തെ ധിക്കരിക്കാൻ സാധിക്കാത്തത് കൊണ്ടാണെന്ന് സംശയിക്കാം. കലാപത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഈ വർഗീയ കലാപം ഡൽഹിയിൽ ഒതുങ്ങിനിൽക്കുമെന്ന്‌ കരുതാനാകില്ല. അയൽ സംസ്ഥാനങ്ങളിലേക്കും കലാപം പടരാനുള്ള സാധ്യത തള്ളിക്കളയരുത്.

സിഎഎ വിരുദ്ധപ്രക്ഷോഭത്തെ തകർക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ്‌ വർഗീയകലാപത്തിനു തിരികൊളുത്തിയിട്ടുള്ളത്‌. സിഎഎയ്‌ക്കെതിരായ ജനകീയപ്രതിഷേധം രാജ്യമാസകലം ഉയർന്നുപൊങ്ങുമ്പോൾ അതിന് തടയിടാനാണ് രാജ്യത്തെ വർഗീയാഗ്നിയിലേക്ക്‌ തള്ളിയിടുന്നത്.

വർഗീയധ്രുവീകരണം ശക്തമാക്കി അധികാരം നിലനിർത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യം ഉന്നംവെക്കുകയുമാണ് രാഷ്ട്രീയ ഹിന്ദുത്വ.

എല്ലാ ജനാധിപത്യ മതനിരപേക്ഷവിശ്വാസികളും രാജ്യത്തിൻ്റെ നിലനിൽപ്പിനായി മുന്നോട്ടു വരേണ്ട ഘട്ടമാണിത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ശക്തികൾക്കെതിരായി പോരാടാം – കോടിയേരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News