മാടായിപ്പാറ; 600 ഏക്കറിൽ പ്രകൃതി ഒരുക്കിയ വിസ്മയം

600 ഏക്കറിൽ പ്രകൃതി ഒരുക്കിയ വിസ്മയമാണ് കണ്ണൂർ ജില്ലയിലെ മാടായിപ്പാറ.ഋതു ഭേദങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് മാടായിപ്പാറ സമ്മാനിക്കുന്നത്.ഒപ്പം ചരിത്രവും ഐതിഹ്യവും ആചാരങ്ങളും ഈ ഭൂമികയിൽ ഇഴ ചേർന്നു കിടക്കുന്നു.

ഗ്രീഷ്മ കാലത്തെ കൊടുംചൂടിൽ പുൽനാമ്പുകൾ വാടി സ്വർണ്ണ വർണത്തിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ മാടായിപ്പാറ.ഇന്നു കണ്ട കാഴ്ചകൾ ആയിരിക്കില്ല നാളെ മാടായിപ്പാറ കാണിച്ചുതരുന്നത്.

ഓണക്കാലത്ത് കാക്ക പൂക്കൾ വിരിഞ്ഞുനിൽക്കുന്ന മാടായിപ്പാറ നീല പുടവ അണിഞ്ഞ സുന്ദരി ആയി മാറും.മഴക്കാലത്ത് ചെടികളും പുല്ലുകളും തഴച്ചുവളർന്ന് പച്ച പരവതാനി വിരിക്കും.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ ഭൂപ്രദേശത്തെ കണ്ണൂരിന്റെ അത്ഭുതം എന്ന് തന്നെ വിശേഷിപ്പിക്കാം.

ഭൂപ്രകൃതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സവിശേഷതകളാണ് മാടായിപ്പാറയെ വ്യത്യസ്തമാക്കുന്നത്. 300ലധികം ഇനത്തിലുള്ള പൂക്കൾ വിരിയുന്ന ചെടികൾ ഇവിടെ കാണാം. 38 ഇനം പുൽച്ചെടികളും അഞ്ഞൂറോളം മറ്റു ചെടികളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 24 ഇനം ഔഷധ ചെടികളാണ്.ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയിൽ 92 ഇനം ചിത്രശലഭങ്ങളും നൂറിലധികം ഇനങ്ങളിൽപ്പെട്ട പക്ഷികളും കാണപ്പെടുന്നു.

ചരിത്രവും സംസ്കാരവും പ്രകൃതിസൗന്ദര്യവും ഐതിഹ്യങ്ങളും സമന്വയിക്കുന്ന ഇടമാണ് മാടായി പാറ. കോലത്തുനാട്ടിലെ രാജാക്കന്മാരുടെ കിരീടധാരണ നടന്നിരുന്നത് ഇവിടെയാണ്. മൂഷിക രാജവംശത്തിന്റെ ഭരണവും ടിപ്പുവിൻറെ പടയോട്ടവും കണ്ട മണ്ണ്.

പഴയ രാജഭരണത്തിന്റെ നിത്യസ്മാരകമായി മാടായി കോട്ട ഇന്നും തലയുയർത്തിനിൽക്കുന്നു. ജൂതന്മാരുടെ സാന്നിധ്യത്തിന് തെളിവാണ് ജൂതക്കിണർ. വാൽക്കണ്ണാടിയുടെ ആകൃതിയിൽ ചെങ്കല്ലിൽ കൊത്തി ഉണ്ടാക്കിയതാണ് ഇത്. അധിനിവേശങ്ങളുടെയും പടയോട്ടങ്ങളുടെയും പറഞ്ഞാൽ തീരാത്തത്ര ചരിത്രം പേറുന്ന ഭൂമികയാണ് മാടായിപ്പാറ.

ചരിത്രം പോലെ തന്നെ ഐതിഹ്യങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിലും സമ്പന്നമാണ് മാടായിപ്പറ.വടക്കേ മലബാറിലെ പ്രധാന ഹിന്ദു ആരാധന കേന്ദ്രങ്ങളായ മാടായിക്കാവും വടുകുന്ദ ശിവക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

കാരി ഗുരുക്കൾ പുലിവേഷം മറിഞ്ഞ് ദൈവക്കരുവായ കഥ തുടങ്ങുന്നതും ഇവിടെ നിന്നാണ്.മാടായിപ്പാറയിലെ കാഴ്ചകൾക്ക് അറ്റമില്ല.മാടായിപ്പാറയുടെ മുകളിൽ നിന്നും നോക്കിയാൽ ഏഴിമലയും പഴയങ്ങാടി പുഴയും കടലുമെല്ലാം കണ്ണെത്തുന്ന ദൂരത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel