ദില്ലിയിലേക്ക് സൈന്യത്തെ വിളിക്കണമെന്ന് സിപിഐഎം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: അക്രമികള്‍ക്കൊപ്പമാണ് പൊലീസ്

ദില്ലി: കലാപം നടക്കുന്ന ദില്ലിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അക്രമികളെ പിടികൂടാനും സൈന്യത്തെ വിളിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

സ്ഥിതി നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ല. പലയിടങ്ങളിലും അക്രമികള്‍ക്കൊപ്പമാണ് പൊലീസും നില്‍ക്കുന്നത്. ഇത് കലാപം മറ്റിടങ്ങളിലേക്ക് പടരാന്‍ ഇടയാക്കുന്നുണ്ട്.

പൊലീസിന് പ്രൊഫഷണലിസം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നത് ഇതുകൊണ്ടാണ്. സമാനമായ അഭിപ്രായമാണ് ദില്ലി ഹൈക്കോടതിയും പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ദില്ലി പൊലീസിന്റെ ഈ നടപടികള്‍ക്ക് ഉത്തരവാദി. ആസൂത്രിതമായി നടന്ന അക്രമത്തെ മറച്ചുപിടിക്കാനാണ് പെട്ടെന്ന് പൊട്ടിപ്പുൂറപ്പെട്ടതാണ് കലാപമെന്ന് അമിത് ഷാ പറഞ്ഞത്.

ദില്ലിയിലെ കലാപം പെട്ടെന്നുണ്ടായ ഒന്നല്ല. കഴിഞ്ഞ 23ന് ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് ശേഷമാണ് അക്രമങ്ങള്‍ നടന്നത്. പൊലീസിന് മുന്നില്‍വെച്ചാണ് പൗരത്വ പ്രതിഷേധക്കാരെ തുരത്തുമെന്ന് കപില്‍ മിശ്ര ഭീഷണിമുഴക്കിയത്. എന്നിട്ടും കലാപം തടയാന്‍ പൊലീസിന് കഴിഞ്ഞില്ല.

കലാപത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കും പരിക്കേറ്റവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പിബി ആവശ്യപ്പെട്ടു. സമാധാനം ഉറപ്പുവരുത്തന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. ഇതിനായി സമാധാനപ്രിയരായ എല്ലാ കക്ഷികളുമായും സിപിഐഎം കൈകോര്‍ക്കും. കലാപബാധിതമേഖലകളില്‍ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പാര്‍ടി പ്രവര്‍ത്തകര്‍ പങ്കുചേരുമെന്നും പിബി പ്രസ്താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News