ദില്ലിയെ രക്ഷിക്കാനാവാത്ത പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തെ രക്ഷിക്കുമോ?

ഡല്‍ഹി കലാപത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇനിയും തീര്‍ച്ചയില്ല.എത്ര സ്ത്രീകള്‍ അതിക്രമത്തിനിരയായി എന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ഡല്‍ഹിയിലെ വടക്കു കിഴക്കന്‍ ജില്ലയിലെ കലാപക്കൊടുങ്കാറ്റ് നമ്മുടെ ഭരണാധികാരികളെ കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കുന്നുണ്ട്.പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയവരാണ് നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും.എന്നാല്‍ അതിന് ഇരുവര്‍ക്കും എത്രമാത്രം കഴിഞ്ഞു?

വിവാദ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ പാസാക്കിയതു മുതല്‍ ഡല്‍ഹി ചെറുതും വലുതുമായ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് വേദിയായിരുന്നു.അതില്‍ ചിലത് പ്രകോപനം കൊണ്ട് പ്രശ്‌നബാധിതമായിരുന്നു.ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും നാടന്‍ തോക്കുകള്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ ഉപയോഗിക്കപ്പെട്ടു.അതില്‍ ഒരാള്‍ എട്ട് റൗണ്ട് വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി 30ന് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിന് നേരെ ജാമിയ നഗറില്‍ തോക്കുപയോഗിക്കപ്പെട്ടു.ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.ജഫ്രാബാദിലേയും ജാമിയ നഗറിലേയും വെടിയുതിര്‍ക്കല്‍ പൊലീസിന്റെ കണ്‍മുന്നില്‍ വെച്ചാണ് അരങ്ങേറിയത്.എന്നാല്‍ പൊലീസ് നോക്കി നിന്നു.

ജഫ്രാബാദ്,മൗജ്പൂര്‍,ജാമിയ നഗര്‍ എന്നിവിടങ്ങളിലെ വ്യാപകമായ അക്രമങ്ങള്‍ക്ക് പുറമെ ജനുവരി 5ന് മുഖംമൂടി ധരിച്ചെത്തിയവര്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ചതും നാം കണ്ടു.അധ്യാപകരടക്കം മുപ്പതോളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.എന്നാല്‍ ഈ കേസില്‍ കുറ്റക്കാരായ ഒരാളെ പോലും ഡല്‍ഹി പൊലീസ് ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.പൊലീസ് സാന്നിധ്യത്തിലായിരുന്നു ഈ അക്രമവുമെന്ന് പൂറത്തുവന്ന വീഡിയോകള്‍ തെളിയിക്കുന്നു.

ഈ അക്രമങ്ങളൊക്കെ അരങ്ങേറിയത് രാജ്യത്തെ ഏറ്റവും സുരക്ഷിത മേഖലയായി കരുതപ്പെടുന്ന റയ്‌സീന ഹില്ലിന്റെ 12 കിലോമീറ്റര്‍ മാത്രം ചുറ്റളവിലാണെന്നതാണ് വസ്തുത.പാര്‍ലമെന്റ് മന്ദിരം,രാഷ്ട്രപതി ഭവന്‍,പ്രധാനമന്ത്രിയുടെ ഓഫീസ്,ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊളളുന്ന പ്രദേശമാണ് റയ്‌സീന ഹില്‍.

ഇടക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ട ഷഹീന്‍ ബാഗും,ജാമിയ നഗറും പാര്‍ലമെന്റ് സമുച്ചയത്തിന്റെ 12 കിലോമീറ്റര്‍ മാത്രം ചുറ്റളവിലാണ് ഉളളത്.ഇപ്പോഴത്തെ കലാപത്തിന്റെ കേന്ദ്രമായ ജഫ്രാബാദ് 10 കിലോമീറ്റര്‍ മാത്രം ചുറ്റളവിലും.റയ്‌സീന ഹില്ലില്‍ നിന്ന് അത്ര അകലെയല്ല ഇന്ത്യന്‍ ആര്‍മിയുടേയും ഇന്ത്യ എയര്‍ഫോഴ്‌സിന്റേയും ഇന്ത്യന്‍ നേവിയുടേയും ആസ്ഥാനങ്ങള്‍.

സുപ്രീംകോടതി,ഡല്‍ഹി ഹൈക്കോടതി,ഡല്‍ഹി പൊലീസ് ആസ്ഥാനം എന്നിവയും കലാപ പ്രദേശങ്ങളുടെ 12 കിലോമീറ്റര്‍ മാത്രം ചുറ്റളവിലുളളവയാണ്.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ആസ്ഥാനങ്ങളും ഈ ചുറ്റളവില്‍പ്പെടും.കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ കലാപം തടയാന്‍ ഒരു മുന്‍കരുതലും രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈക്കൊണ്ടില്ല എന്നത് രണ്ടു കാര്യങ്ങളെ സൂചിപ്പിക്കുന്നു.ഒന്നുകില്‍,നമ്മുടെ സംവിധാനങ്ങളുടെ പരാജയം.അല്ലെങ്കില്‍ അറിഞ്ഞിട്ടും നടന്നോട്ടെ എന്ന മനോഭാവം.

നൂറുകണക്കിന് ആയുധധാരികള്‍ ഡല്‍ഹിയിലെ തെരുവുകള്‍ കീഴടക്കുമെന്ന് ഏതെങ്കിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യാ ഗവര്‍മെന്റിനേയോ ഡല്‍ഹി സര്‍ക്കാരിനേയോ ഡല്‍ഹി പൊലീസിനേയോ അറിയിച്ചിരുന്നോ?അവര്‍ അറിയിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരോ ഡല്‍ഹി പൊലീസോ കലാപം തടയാന്‍ നടപടി എടുത്തില്ല?

രണ്ടര മാസമായി ഡല്‍ഹിയില്‍ അക്രമം തടയാന്‍ നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്.അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രാജ്യതലസ്ഥാനത്ത് ആതിഥ്യം സ്വീകരിക്കുമ്പോള്‍ തൊട്ടടുത്ത് തെരുവുകളില്‍ മനുഷ്യര്‍ അക്രമത്തിനിരയായി പിടഞ്ഞുമരിക്കുന്നതിലൂടെ ലോകത്തിന് ഇന്ത്യ നല്‍കുന്ന സന്ദേശമെന്താണ്?

പാര്‍ലമെന്റിനും രാഷ്ട്രപതി ഭവനും തൊട്ടടുത്ത് ഒരു കൂട്ടം അക്രമികള്‍ യഥേഷ്ടം ആളുകളെ വെടിവെച്ചും കല്ലെറിഞ്ഞും തല്ലിയും കൊല്ലുമ്പോള്‍ ഒരു ചോദ്യം ഉയരുന്നു ഇവിടെയില്ലെങ്കില്‍ ഇന്ത്യാ മഹാരാജ്യത്ത് ഏതെങ്കിലും പൗരന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയുമോ?

ഡല്‍ഹി പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കീഴിലാണ്.തുടര്‍ച്ചയായുളള കലാപം തടയേണ്ട ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനില്ലേ?ഇതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കില്ലേ?കലാപ പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം തുലോം കുറഞ്ഞു പോയതെന്തേ?ആരാണ് ഇതിന് ഉത്തരവാദി?വിദ്വേഷ പ്രചാരണം നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ആവര്‍ത്തിച്ച് വിഷം തുപ്പാന്‍ ധൈര്യം എവിടെ നിന്ന് ലഭിക്കുന്നു?സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്ന് ബോധ്യപ്പെട്ടിട്ടും സൈന്യത്തെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതാന്‍ ഡല്‍ഹിയിലെ അരവിന്ദ് കെജ്രീവാള്‍ സര്‍ക്കാര്‍ താമസിച്ചതെന്തേ?

ഡല്‍ഹിയിലെ സംഭവവികാസങ്ങളെ നിയന്ത്രിക്കാന്‍ ആകാത്ത അത്ര അശക്തരായി കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി പൊലീസും മാറിയതെന്ത് കൊണ്ട്?ഇതവരുടെ കഴിവുകേടിനെയല്ലേ കാണിക്കുന്നത്?

ഭരണസംവിധാനം പരാജയപ്പെടുമ്പോള്‍ പൗരന്റെ ആശ്രയം ജുഡീഷ്യറിയാണ്.എന്നാല്‍ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി അര്‍ധ രാത്രി കേസ് കേട്ടതും ബുധനാഴ്ചയിലെ ഹൈക്കോടതിയുടെ ഇടപെടലുകളും ഒഴിച്ചാല്‍ കോടതിയില്‍ നിന്ന് പൗരന് ലഭിച്ച ആശ്വാസം എന്താണ്?വാദത്തിന് വേണ്ടി ക്രമ സമാധാനം എക്‌സിക്യൂട്ടീവിന്റെ പരിധിയിലാണെന്ന് ലെജിസ്ലേച്ചറിനും ജുഡീഷ്യറിക്കും പറയാം.എന്നാല്‍ സാധാരണ ജനത്തിന് വേണ്ടത് സമാധാനമാണ്.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഡല്‍ഹിയില്‍ നഷ്ടമായതും അതാണ്.അതിന് കാരണമാകട്ടെ അധികാരികള്‍ നോക്കുകുത്തികളായതും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here