വര്‍ഗീയകലാപവും വംശഹത്യയും: ബിജെപി സര്‍ക്കാര്‍ ആഗ്രഹിച്ച അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നു: പു ക സ

തിരുവനന്തപുരം: മതം മാനദണ്ഡമാക്കിക്കൊണ്ടുള്ള പൗരത്വ ഭേദഗതി നിയമത്തിലൂടെ ബി.ജെ.പി.സര്‍ക്കാര്‍ ആഗ്രഹിച്ച അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന് പുരോഗമന കലാസാഹിത്യസംഘം. വിഭജനവും വര്‍ഗ്ഗീയകലാപവും വംശഹത്യയും മൂലം തലസ്ഥാന നഗരം കത്തിയെരിയുകയാണ് .

ഭരണഘടന സംരക്ഷിക്കുന്നതിനു വേണ്ടി തികഞ്ഞ മതേതര ഐക്യത്തോടെ ദേശീയപതാക ഉയര്‍ത്തിപ്പിടിച്ച് സാമാന്യജനങ്ങള്‍ നടത്തിവന്ന സമരത്തെ കടന്നാക്രമിച്ചു കൊണ്ടാണ് പരിവാര്‍ ഗുണ്ടകള്‍ കലാപത്തിന് തിരികൊളുത്തിയത്. വിഭജിച്ചും കത്തിച്ചും രാജ്യത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ നീക്കത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ശക്തമായി പ്രതിഷേധിക്കുന്നു.

ഒരു രാജ്യത്തെ മാത്രമല്ല; ആയിരക്കണക്കിനു വര്‍ഷത്തെ സഹിഷ്ണതയുടേയും സമാധാനത്തിന്റെയും ചരിത്രമുള്ള ഒരു സംസ്‌കാരത്തെ കൂടിയാണ് അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കലയും സംസ്‌കാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടേയും പ്രതിഷേധം ഈ ഘട്ടത്തില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.

രാജ്യത്ത് ആസൂത്രിതമായി നടക്കുന്ന വിഭജന നീക്കത്തിനും മുസ്ലീം വംശഹത്യക്കുമെതിരെ സംഘത്തിന്റെ എല്ലാ ഘടകങ്ങളും പ്രതിഷേധ പരിപാടികള്‍ നടത്തുന്നതായിരിക്കും. മാനവികതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ പേരും പ്രതിഷേധ സംരംഭങ്ങളില്‍ പങ്കുചേരണമെന്ന് സവിനയം അപേക്ഷിക്കുന്നതായും പു ക സ പ്രസ്താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News