ദില്ലി കലാപം: മരണസംഖ്യ 27 ആയി, 106 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 18 കേസുകള്‍

ദില്ലി: ദില്ലിയില്‍ തുടരുന്ന കലാപത്തില്‍ മരണം 27 ആയി. കലാപത്തില്‍ 106 പേര്‍ അറസ്റ്റിലായി. കൂടുതല്‍ അക്രമ സാധ്യത കണക്കിലെടുത്ത് ദില്ലിയില്‍ പൊലീസ് വിന്യാസം കൂട്ടിയിട്ടുണ്ട്. കലാപത്തില്‍ അക്രമസംഭവങ്ങളില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിരുന്നു. ദില്ലിയിലെ അക്രമസംഭവങ്ങളില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് കൊല്ലപ്പെട്ടതെന്നുമാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. കലാപത്തില്‍ 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, അഭയ വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നാണ് കോടതി ചോദിച്ചത്. പ്രസംഗങ്ങള്‍ക്ക് ഇപ്പോഴത്തെ കലാപവുമായി യാതൊരു ബന്ധവുമില്ലെന്നും അതുമായി ബന്ധപ്പെടുത്തി സംസാരിക്കരുതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here