ലൈഫ്‌ മിഷനിലൂടെ രണ്ടു ലക്ഷം വീടുകൾ; കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തിയാക്കി കേരളം

ലൈഫ്‌ മിഷനിൽ രണ്ടു ലക്ഷം വീട്‌ പൂർത്തിയായതിന്റെ പ്രഖ്യാപനം ശനിയാഴ്‌ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഇതോടെ രാജ്യത്ത്‌ സർക്കാരുകൾ ഏറ്റെടുത്ത ഭവനപദ്ധതികളിൽ ഏറ്റവും കൂടുതൽ വീടുകൾ കുറഞ്ഞ സമയത്ത്‌ പൂർത്തിയാക്കുന്ന സംസ്ഥാനമാകും കേരളം. പ്രഖ്യാപനത്തിനൊപ്പം നടക്കുന്ന ജില്ലാതല കുടുംബസംഗമത്തിൽ 35,000 പേർ പങ്കെടുക്കുമെന്ന്‌ മന്ത്രിമാരായ എ സി മൊയ്‌തീനും കടകംപള്ളി സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലൈഫ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും. കരകുളം ഏണിക്കരയിൽ പൂർത്തിയാക്കിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. 29ന്‌ പകൽ മൂന്നിന്‌ എല്ലാ ജില്ലകളിലും പഞ്ചായത്ത്‌ തലത്തിൽ ഗുണഭോക്താക്കളുടെ ഒത്തുചേരലും സംഘടിപ്പിച്ചിട്ടുണ്ട്‌.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 670 കോടി രൂപ ചെലവഴിച്ച്‌ 52,050 വീടാണ്‌ പൂർത്തിയാക്കിയത്‌. രണ്ടാംഘട്ടത്തിൽ 74,674 വീടും. ലൈഫ്‌ പിഎംഎവൈ പദ്ധതിയിൽ ഗ്രാമീണമേഖലയിൽ 47,144ഉം നഗരമേഖലയിൽ 16,640 വീടും പൂർത്തിയാക്കി.

ഇതിനുമാത്രമായി 2876.23 കോടി സംസ്ഥാന സർക്കാർ ചെലവിട്ടു. പട്ടികജാതിവകുപ്പ്‌ 18,811 ഉം പട്ടികവർഗവകുപ്പ്‌ 738ഉം ഫിഷറീസ്‌ വകുപ്പ്‌ 3725 വീടും പൂർത്തിയാക്കി. ഇതുകൂടി കണക്കിലെടുത്താൽ ആകെ പൂർത്തിയായത്‌ 2,14,000 വീടാണ്‌.

പദ്ധതിയുടെ മൂന്നാംഘട്ടം ആരംഭിച്ചുകഴിഞ്ഞു. വീടും സ്ഥലവും ഇല്ലാത്തവർക്കുള്ള വീടു നിർമാണമാണ്‌ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. 1,06,925 കുടുംബത്തെ ഗുണഭോക്താക്കളായി കണ്ടെത്തിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel