അതിവേഗ റെയിൽപാതാ പദ്ധതി; വിശദ റിപ്പോർട്ട്‌ മാർച്ചിൽ; അലൈൻമെന്റ്‌ ഉടൻ പൂർത്തിയാകും

സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ ‘സിൽവർ ലൈൻ’ അതിവേഗ റെയിൽപാതാ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട്‌ മാർച്ചിൽ തയ്യാറാകും. നിർദിഷ്ട പാതയുടെ അലൈൻമെന്റ്‌ ഉടൻ പൂർത്തിയാകും.

തിരുവനന്തപുരം-എറണാകുളം അലൈൻമെന്റ് പൂർത്തിയായി. 531.45 കിലോമീറ്റർ ദൈർഘ്യത്തിൽ കാസർകോടുമുതൽ തിരുവനന്തപുരം കൊച്ചുവേളിവരെ തീർക്കുന്ന പാതയ്‌ക്കായി ഡിസംബറിൽ നടത്തിയ ആകാശ സർവേ വിവരങ്ങൾ ഉപയോഗിച്ചാണ്‌ അലൈൻമെന്റ്‌ തയ്യാറാക്കുന്നത്‌. മാർച്ച്‌ അവസാനം വിശദ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കി സർക്കാരിന്‌ സമർപ്പിക്കാനാകുമെന്ന്‌ കെ–റെയിൽ എംഡി വി അജിത്‌കുമാർ പറഞ്ഞു.

ആകാശ സർവേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരമാവധി വീടുകൾ ഒഴിവാക്കാൻ പ്രാഥമിക രൂപരേഖയിൽ ചെറിയ മാറ്റം വരുത്തിയാണ് അലൈൻമെന്റ് ഉണ്ടാക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോയാണ് രൂപരേഖ തയ്യാറാക്കുന്നത്.

പ്രാഥമിക രൂപരേഖയിലെ വീടുകളും ആരാധനാലയങ്ങളും പരമാവധി ഒഴിവാക്കി. എറണാകുളം– കാസർകോട് സർവേ വിവരങ്ങൾ ഡീകോഡ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

അലൈൻമെന്റ് പൂർണമാകുന്നതോടെ ഏറ്റെടുക്കേണ്ട സ്ഥലവിവരങ്ങൾ അറിയാം. പദ്ധതിക്ക്‌ കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അനുമതി ഉള്ളതിനാൽ സ്ഥലമേറ്റെടുപ്പ് ഉടൻ തുടങ്ങുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര റെയിൽമന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമാണ്‌ അതിവേഗ റെയിൽപാത. അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കുന്ന പദ്ധതിയിലൂടെ ഏകദേശം 7500 വാഹനത്തെ സംസ്ഥാനത്തെ തിരക്കേറിയ റോഡുകളിൽനിന്ന് മാറ്റാനാകും.

പ്രതിദിനം റോഡുപയോഗിക്കുന്ന 46,100 പേരും ട്രെയിനിൽ സഞ്ചരിക്കുന്ന 11,500 പേരും സിൽവർ ലൈനിലേക്ക്‌ മാറും. നിർമാണകാലയളവിൽ പ്രതിവർഷം അരലക്ഷം തൊഴിലവസരങ്ങൾ ലഭിക്കും. ചെലവ്‌ 66,079 കോടി രൂപയാണ്. ഇതിന്റെ ഗണ്യമായ ഭാഗം അന്താരാഷ്ട്ര ധനസഹായ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പയിലൂടെ സംസ്ഥാനം കണ്ടെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here