പൗരത്വഭേദഗതിയുടെ മനുവാദമുഖം; ദളിത് ആദിവാസി പിന്നോക്കവിഭാഗങ്ങളിലും മറ്റു ന്യൂനപക്ഷങ്ങൾക്കിടയിലും ആശങ്കയെന്ന് കെ രാധാകൃഷ്ണന്‍

പൗരത്വഭേദഗതി നിയമം സൃഷ്ടിച്ച സന്ദിഗ്ധാവസ്ഥ ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന ദളിത് ആദിവാസി പിന്നോക്കവിഭാഗങ്ങളിലും മറ്റു ന്യൂനപക്ഷങ്ങൾക്കിടയിലും ആശങ്കയും അസ്വസ്ഥതയും സൃഷ്ടിച്ചിരിക്കുകയാണെന്ന് കെ. രാധാകൃഷ്ണന്‍. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കെ. രാധാകൃഷ്ണന്‍ ഇക്കാര്യം പരാമർശിച്ചത്.

കേന്ദ്രത്തിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം സൃഷ്ടിച്ച സന്ദിഗ്ധാവസ്ഥ ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന ദളിത് ആദിവാസി പിന്നോക്കവിഭാഗങ്ങളിലും മറ്റു ന്യൂനപക്ഷങ്ങൾക്കിടയിലും ആശങ്കയും അസ്വസ്ഥതയും സൃഷ്ടിച്ചിരിക്കുകയാണ്.

കേവലം പ്രകടനപത്രികയിലെ വാക്കുപാലിക്കലോ വോട്ടുബാങ്ക് സൃഷ്ടിക്കലോ എന്നതിലുപരി നൂറ്റാണ്ടുകൾ പഴക്കമുള്ള അന്തർലീനമായ ഒരു ഗൂഢാലോചന ബിജെപിയുടെ ഈ നീക്കത്തിനു പിന്നിലുണ്ട്. പൗരത്വത്തിനു മതപരമായ മാനംനൽകി ഒരു രാഷ്ട്രീയ, സാമൂഹ്യവിഷയമായി വളർത്തിയെടുക്കുന്നതിനു പിന്നിൽ ബിജെപി ലക്ഷ്യംവയ്ക്കുന്നത്‌ എന്തായിരിക്കാം.

പൗരത്വത്തിന്റെ പ്രാധാന്യം
ജനങ്ങളും രാഷ്ട്രവും തമ്മിലുള്ള ബന്ധം സാധ്യമാക്കുന്നതാണ് പൗരത്വത്തിന്റെ തത്വങ്ങൾ. സമൂഹവും രാഷ്ട്രവും തമ്മിൽ അടിസ്ഥാനസ്വഭാവത്തിൽ മാറ്റമൊന്നുമില്ലെങ്കിലും മതപരവും സാമൂഹ്യവുമായ അധികാരം സമൂഹം ജനങ്ങൾക്കുമേൽ പ്രയോഗിക്കുമ്പോൾ രാഷ്ട്രമാകട്ടെ നിയമാനുസാരിയായ അധികാരം ജനങ്ങൾക്കുമേൽ പ്രയോഗിക്കുന്നു. സമൂഹത്തിലെ അംഗങ്ങൾ തന്നെയാണ് രാഷ്ട്രത്തിലേതും. എങ്കിലും ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങളും രാഷ്ട്രത്തിലെ അംഗങ്ങൾ ആകണമെന്നില്ല.

അതുപോലെ ഒരു രാഷ്ട്രത്തിന്റെ അതിർത്തിക്കകത്ത്‌ താമസിക്കുന്നു എന്നതുകൊണ്ടുമാത്രം ആ രാഷ്ട്രത്തിലെ അംഗങ്ങൾ ആകണമെന്നുമില്ല. ആരാണ് രാഷ്ട്രത്തിൽ ഉൾപ്പെടുന്നതെന്നും ആരൊക്കെ ഉൾപ്പെടുന്നില്ലെന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്ന വിഷയമായതിനാൽ അതിനെ അവഗണിക്കുക അസാധ്യമാണ്. രാഷ്ട്രത്തിലെ അംഗങ്ങൾക്ക് അവകാശങ്ങളും കടമകളും ലഭിക്കും. കടമകളുടെ അടിസ്ഥാനത്തിൽ അവർ പ്രജയാണെങ്കിൽ അവകാശങ്ങളുടെ അടിസ്ഥാനത്തിൽ അവർ പൗരൻമാരായി മാറും. രാഷ്ട്രത്തിൽ അംഗത്വം ലഭിക്കാത്തവർ വിദേശികളായി കണക്കാക്കപ്പെടും.

പൗരത്വമെന്നത് വ്യക്തിസ്വാതന്ത്ര്യം, വ്യക്തിസുരക്ഷ, സ്വത്ത് കൈവശം വയ്ക്കാനുള്ള അവകാശം, നിയമത്തിനു മുന്നിലെ തുല്യത, സ്വതന്ത്രമായ ധാർമികബോധം, അഭിപ്രായപ്രകടനത്തിനും ആശയവിനിമയത്തിനുമുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, രാജ്യത്തെ ഭരണകൂടത്തിൽ പ്രാതിനിധ്യം ലഭിക്കാനുള്ള അവകാശം, ഭരണനിർവഹണത്തിൽ പങ്കാളിത്തം വഹിക്കാനുള്ള അവകാശം എന്നിങ്ങനെ ഒരുകൂട്ടം അവകാശങ്ങളുടെ സാന്നിധ്യംകൂടിയാണ്.

പൗരത്വം പ്രാബല്യത്തിൽ വരുന്നതോടുകൂടി ഒരു വ്യക്തിക്ക് കടമകൾക്കൊപ്പം അവകാശങ്ങളും ലഭിക്കുന്നു. കടമകളില്ലാത്ത അവകാശം അരാജകത്വത്തെ സൃഷ്ടിക്കുമ്പോൾ അവകാശങ്ങളില്ലാത്ത കടമകൾ അടിമത്തത്തിനു വഴിയൊരുക്കുന്നു. പൗരത്വാവകാശങ്ങൾ നിലവിൽ വരുംമുമ്പ് ഇന്ത്യയിലെ ദളിത്–ആദിവാസി–പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളുടെ ചരിത്രം അടിമത്തത്തിന്റെ ചരിത്രമായത് അങ്ങനെയാണ്.

അവകാശം, കർത്തവ്യം, കഴിവ് മനുനിയമത്തിൽ
ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും ഒരേ മൂല്യം ഭരണഘടന ഉറപ്പുനൽകുന്നു. എന്നാൽ, പൗരത്വത്തിന്റെ ഈ തുല്യത ഹിന്ദുസാമൂഹ്യക്രമത്തിന്റെ ഭാഗമായിരുന്നില്ല. ജനനം കൊണ്ടുതന്നെ വ്യത്യസ്തരായ പൗരൻമാരായിരുന്നു മനുഭാരതത്തിൽ.

സ്വയംഭൂവായ സ്രഷ്ടാവിന്റെ മുഖത്തുനിന്ന്‌ ബ്രാഹ്മണനും ഭുജങ്ങളിൽനിന്ന്‌ ക്ഷത്രിയനും ഊരുക്കളിൽനിന്ന്‌ വൈശ്യനും പാദങ്ങളിൽനിന്ന്‌ ശൂദ്രനും (മനുസ്മൃതി: 1:31) ജനിപ്പിക്കുകവഴി ഓരോ വിഭാഗത്തിന്റെയും പൗരത്വം തുല്യതയുടെ സിദ്ധാന്തത്തിനു വിരുദ്ധമാണെന്ന് തുടക്കത്തിലേ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

പൗരത്വാവകാശങ്ങൾ മനുഭരണത്തിൽ
ഇന്ത്യൻ ഭരണഘടന നിലവിൽ വരുംമുമ്പ് പൊതുവിലുണ്ടായിരുന്ന നിയമസംഹിത മനുസ്മൃതിയും കേരളത്തിലേത് മനു നിയമങ്ങളിലധിഷ്ഠിതമായ വ്യവഹാരമാലയുമായിരുന്നു. മനു നിയമങ്ങളനുസരിച്ച് പൗരത്വാവകാശങ്ങൾ ജാതി ഹിന്ദുക്കൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാനവർഗജനതയെ പൗരത്വാവകാശങ്ങൾക്ക് പുറത്തുനിർത്തുകയും ചെയ്തു. മനുനിയമത്തിന്റെ പ്രവർത്തനശാലയായ ഹൈന്ദവഗ്രാമങ്ങൾ ബ്രാഹ്മണ്യ സാമൂഹ്യക്രമമനുസരിച്ച് പ്രവർത്തിക്കുന്ന ചെറു റിപ്പബ്ലിക്കുകൾ തന്നെയായിരുന്നുവെന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന ചാൾസ്മെറ്റ്കാഫെ നിരീക്ഷിച്ചിട്ടുണ്ട്.

പൗരത്വത്തിനുപകരം സാമൂഹ്യ കുറ്റകൃത്യങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളായിരുന്നു മനുഭരണത്തിൽ അയിത്തജാതിക്കാർക്ക് ലഭിച്ചിരുന്നത്. അധ്വാനത്തിന് പണമില്ല ധാന്യങ്ങളായിരുന്നു കൂലി, വ്യാപാരത്തിന് അവകാശമില്ലായിരുന്നെങ്കിലും ഭക്ഷണം യാചിച്ചുവാങ്ങാൻ അനുവദിക്കപ്പെട്ടിരുന്നു. ഞെട്ടലുണ്ടാക്കുന്ന ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു മനുഭരണത്തിൽ ഇന്നത്തെ ദളിത് ആദിവാസി പിന്നോക്കവിഭാഗങ്ങളുടെ പൂർവികർ അനുഭവിച്ചിരുന്നത്. അതിൽനിന്ന്‌ അൽപ്പമെങ്കിലും രക്ഷനേടാൻ വൻതോതിൽ സാധാരണക്കാർ ഇസ്ലാം, ക്രിസ്ത്യൻ തുടങ്ങിയ മതങ്ങളിലേക്ക്‌ മാറുകയുണ്ടായി.

പൗരത്വത്തിന്റെ അനിശ്ചിതാവസ്ഥ
ബഹുഭൂരിപക്ഷം ജനങ്ങളെയും രണ്ടാംതരക്കാരായി അകറ്റിനിർത്തിയിരുന്ന ബ്രാഹ്മണ്യ സാമൂഹ്യക്രമത്തിന്റെ വേരറുത്തുകൊണ്ടാണ് നവോത്ഥാനപ്രസ്ഥാനങ്ങളും തൊഴിലാളിവർഗ പ്രസ്ഥാനങ്ങളും ഇന്ത്യയിൽ കടന്നുവന്നത്. 19–-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ തുടങ്ങിയ ആധുനിക നവോത്ഥാനമുന്നേറ്റം ഹിന്ദുസാമൂഹ്യക്രമം നിഷേധിച്ച പൗരത്വാവകാശങ്ങൾ ഓരോന്നായി ഇന്ത്യയിലെ തൊഴിലാളിവർഗത്തിനും സ്ത്രീകൾക്കും തിരികെ നല്കി. വിദ്യാഭ്യാസം, സംവരണം, വോട്ടവകാശം, വഴിനടക്കുക, വെള്ളമെടുക്കുക, മാറുമറയ്ക്കുക തുടങ്ങിയ അവകാശങ്ങൾ, ജോലിക്കു കൂലി, നിയമവാഴ്ച, ഭരണഘടനാനുസൃതഭരണം, അധികാരത്തിൽ പ്രാതിനിധ്യം, വികസനത്തിൽ പങ്കാളിത്തം തുടങ്ങി നിരവധിയായ പരിവർത്തന നടപടികളിലൂടെ നൂറ്റാണ്ടുകളായി അനുവർത്തിച്ചുപോന്ന അടിച്ചമർത്തലുകളെ ഏതാനും ദശാബ്ദംകൊണ്ട് അപ്രസക്തമാക്കി.

ജ്യോതിറാവു ഫൂലെ, സാഹു മഹാരാജ്, ഡോ. അംബേദ്കർ, അയ്യാ വൈകുണ്ഠസ്വാമി, ശ്രീനാരായണഗുരു, അയ്യൻകാളി, പെരിയോർ, ഇ എം എസ്, എ കെ ജി, വി ടി ഭട്ടതിരിപ്പാട് തുടങ്ങി ഇന്ത്യയെമ്പാടുമുള്ള നൂറുകണക്കിൽപ്പരം മഹാൻമാരായ സാമൂഹ്യവിപ്ലവകാരികൾ കൊളുത്തിവിട്ട സാമൂഹ്യമാറ്റത്തിന്റെ തീജ്വാല, തൊഴിലാളിവർഗത്തെ രാഷ്ട്രീയമായി സംഘടിപ്പിച്ച കമ്യൂണിസ്റ്റ് പാർടികളുടെ അവകാശപ്പോരാട്ടങ്ങളുമായി ഒത്തുചേർന്നപ്പോൾ അതുവരെയില്ലാത്ത വെല്ലുവിളികളാണ് ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വിധ്വംസക പ്രത്യയശാസ്ത്രത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഒരു രാഷ്ട്രത്തിലെ അംഗത്വമെന്നത് പൗരത്വത്തിന്റെ അടിസ്ഥാന ഉപാധിയാണ്. തുല്യത, വികസനം, രാഷ്ട്രീയ പ്രാതിനിധ്യം, സുരക്ഷ തുടങ്ങിയവയെല്ലാം അതിനെ അടിസ്ഥാനമാക്കി രൂപംകൊള്ളുന്നു.

ഫാസിസത്തിന്റെ ഇന്ത്യൻമുഖം
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയുടെ സത്തയെ നിഷേധിക്കുകയും അപരവിദ്വേഷം വളർത്തുകയും ചെയ്യുന്ന വിധ്വംസക ആശയങ്ങൾ സ്ഥലകാലഭേദമില്ലാതെ മാനവികതയ്ക്കെതിരെ രൂപപ്പെടുകയും നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയിലെ ഫാസിസവും ജർമനിയിലെ നാസിസവും പോലെയുള്ള വിധ്വംസക പ്രത്യയശാസ്ത്രമാണ് സംഘപരിവാറും അതിന്റെ രാഷ്ട്രീയമുഖമായ ബിജെപിയും ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. മുസ്ലിങ്ങളിൽ തുടങ്ങി ഇന്ത്യയിലെ ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെയെല്ലാം പൗരത്വത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് എന്തായിരിക്കാം.

കോടിക്കണക്കിന് ജനങ്ങൾക്ക് പൗരത്വം നിഷേധിച്ചുകൊണ്ട് അവരെ അതിർത്തിക്കപ്പുറത്തേക്ക്‌ തള്ളാൻ ഇന്ത്യയുടെ ഒരു അയൽരാജ്യങ്ങളും സമ്മതിക്കില്ല. പൗരത്വമില്ലെന്ന് ആരോപിച്ച് കോടിക്കണക്കിന് ജനങ്ങളെ കൊന്നുതള്ളാനോ അനിശ്ചിതകാലത്തേക്ക്‌ ജയിലിൽ അടയ്‌ക്കാ നോ കഴിയില്ല. എന്നാൽ, പൗരത്വത്തിൽ അനിശ്ചിതത്വം ആരോപിച്ചുകൊണ്ട് കോടിക്കണക്കിന് ജനങ്ങൾക്ക്‌ വോട്ടവകാശവും മറ്റു മനുഷ്യാവകാശങ്ങളും നിഷേധിച്ചുകൊണ്ട് രണ്ടാംതരം പൗരൻമാരായി പിറന്ന നാട്ടിലെ അഭയാർഥികളായി മാറ്റാൻ കഴിയും. ബിസി 185ൽ പുഷ്യമിത്രസുംഗന്റെ അധികാരവൽക്കരണത്തോടെ ആരംഭിച്ച ഇന്ത്യയിലെ രണ്ടാം മനുവാദഭരണത്തിനു കീഴിൽ അടിസ്ഥാന ജനവിഭാഗങ്ങളെ പൗരത്വാവകാശങ്ങൾ നിഷേധിച്ച് അഭയാർഥികളും അടിമകളുമാക്കിയതിന്റെ പുനരാവിഷ്കാരമാണ് പൗരത്വഭേദഗതി ബില്ലിലൂടെ നേടിയെടുക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നത്.

ഐക്യപ്പെട്ടു പോരാടുക
മതാടിസ്ഥാനത്തിലുള്ള പൗരത്വഭേദഗതി ബില്ലിനെതിരെ ഇന്ന് രാജ്യത്തെ മതേതരവാദികളും ജനാധിപത്യവാദികളും സമര രംഗത്താണ്. മുസ്ലിങ്ങളെ പ്രത്യേകമായി സമര രംഗത്തിറക്കുമ്പോൾ സ്വാഭാവികമായി രൂപപ്പെടുന്ന ഹിന്ദുപക്ഷ ഏകീകരണം തങ്ങൾക്ക് രാഷ്ട്രീയമായി ഗുണംചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. എന്നാൽ, ബിജെപി വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിൽ രണ്ടാംതരം പൗരൻമാരായി, ആഭ്യന്തര അഭയാർഥികളായി മാറ്റപ്പെടാൻ പോകുന്നത് മുസ്ലിങ്ങൾ മാത്രമല്ല. അക്കാര്യം മനസ്സിലാക്കി പൗരത്വഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിൽ ഭാഗഭാക്കാകേണ്ടത് ഇന്ത്യയിലെ എല്ലാ ദളിത് ആദിവാസി പിന്നോക്ക മതന്യൂനപക്ഷങ്ങളുടെയും കർത്തവ്യമാണ്. മതപരമായ ചേരിതിരിവും വിഭാഗീയതയും നാം തിരിച്ചറിയുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം മുൻനിർത്തി ചേരികൾ മറച്ചും മതിൽകെട്ടിയും സാമ്രാജ്യത്വത്തിന്റെ പ്രീതി സമ്പാദിക്കാനാണ് പ്രധാനമന്ത്രിയും കൂട്ടരും ശ്രമിച്ചത്.

സാമ്രാജ്യത്വം വീണ്ടും പുതിയ രൂപത്തിൽ നമ്മെ കീഴടക്കാൻ എത്തുമ്പോൾ അതിനനുകൂല സാഹചര്യമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഒരുഭാഗത്ത് സാമ്രാജ്യത്വ പ്രീണന നടപടികളുമായി മുന്നോട്ടുപോകുകയും മറുഭാഗത്ത് പൗരത്വ ഭേദഗതി പോലുള്ള കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട് മതപരമായ ഭിന്നിപ്പിന്റെ സാഹചര്യം സൃഷ്ടിക്കുകയുമാണ് ഇക്കൂട്ടർ.

മതാടിസ്ഥാനത്തിലുള്ള ഏതൊരു നീക്കവും ഹൈന്ദവ ഫാസിസ്റ്റുകൾക്ക് ഗുണം ചെയ്യുമെന്നതിനാൽ കമ്യൂണിസ്റ്റ് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന തൊഴിലാളി കേന്ദ്രീകൃത പ്രത്യയശാസ്ത്രങ്ങൾക്കു മാത്രമേ എല്ലാ ഫാസിസ്റ്റുകൾക്കെതിരെയും ഫലപ്രദമായ ബദൽ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. തുല്യാവകാശങ്ങളുടെ സ്വതന്ത്രമായ അനുഭവം ഈ രാജ്യത്ത് ജനിച്ചുവളർന്ന ഏവർക്കും സിദ്ധിക്കാനും എല്ലാത്തരം സാമൂഹ്യ ബഹിഷ്‌കരണങ്ങളെയും വിവേചനങ്ങളെയും അടിച്ചമർത്തലുകളെയും പ്രതിരോധിക്കാനും പുരോഗമനവാദികളായ സമസ്ത ജനവിഭാഗങ്ങളുടെയും സമാനതകളില്ലാത്ത യോജിപ്പിലൂടെ മാത്രമേ സാധിക്കൂ.

(ദളിത് ശോഷൺ മുക്തിമഞ്ച് അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകൻ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News