കലാപം: ദില്ലി പൊലീസിന് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ; ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തത് സംഘപരിവാര്‍ കലാപകാരികള്‍ക്ക് സഹായകരമായി

ദില്ലി: ദില്ലി കലാപം തടയുന്നതില്‍ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. ഐബിയും, സ്‌പെഷ്യല്‍ ബ്രാഞ്ചും കലാപത്തിന് മുന്നേ ദില്ലി പൊലീസിന് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണയാണ്. പക്ഷെ മുന്നറിയിപ്പ് ലഭിച്ചിട്ടും ദില്ലി പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കാഞ്ഞത് കലാപകാരികള്‍ക്ക് സഹായകരമായി.

കഴിഞ്ഞ നാല് ദിവസങ്ങളായി നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34ലാകുമ്പോള്‍ ദില്ലി പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കലാപത്തിന് തുടക്കമായ ഞായറാഴ്ച ദില്ലി പൊലീസിന് ഇന്റലിജന്‍സ് ബ്യൂറോയും, സ്പെഷ്യല്‍ ബ്രാഞ്ചും മുന്നറിയിപ്പ് നല്‍കിയത് 6 തവണ. പക്ഷെ വടക്കുകിഴക്കന്‍ ദില്ലിയില്‍ അക്രമത്തിന് സാധ്യത ഉണ്ടെന്നും, കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്നുമുള്ള ഇന്റലിജന്‍സ് നിര്‍ദേശം പോലീസ് അവഗണിച്ചു.

ഐബി ആദ്യ സന്ദേശം നല്‍കിയത് ബിജെപി നേതാവ് കപില്‍ മിശ്ര പ്രവര്‍ത്തകരോട് മൗജ്പൂരില്‍ സംഘടിക്കാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഉച്ചക്ക് 1.22ന്. എന്നാല്‍ നിര്‍ദേശം ലഭിച്ചിട്ടും ദില്ലി പൊലീസ് കണ്ണടച്ചു. ഇതിന് പിന്നാലെ കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ സംഘടിച്ചവര്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതിന് ശേഷം 5 തവണ ദില്ലി പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അനങ്ങാതിരുന്ന പൊലീസ് നടപടിയാണ് സംഘപരിവാറുകള്‍ക്ക് കലാപം നടത്താന്‍ സഹായകമായത്. പക്ഷെ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നാണ് പൊലീസിന്റെ അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here