ഷഹീന്‍ബാഗ് സമരപ്പന്തല്‍ ആക്രമിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം; ദില്ലിയില്‍ ആശങ്ക, മരണം 35

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആഹ്വാനവുമായി സംഘപരിവാര്‍.

വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ മേഖലകളിലും ഒരു കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഷഹീന്‍ബാഗില്‍ നിന്ന് 3 കിലോമീറ്റര്‍ മാത്രം അകലെയുള്ള മദന്‍പൂര്‍ ഖാദ്‌റില്‍ മാര്‍ച്ച് 1ന് , സമരക്കാര്‍ക്കെതിരെ സംഘപരിവാര്‍ അനുകൂലികളോട് ഒത്തുചേരാന്‍ ആഹ്വാനം ചെയ്തുകഴിഞ്ഞു.

ഹിന്ദു ഏക്ത സിന്ദാബാദ് എന്ന പേരിലാണ് കലാപതിനുവേണ്ടി ആളുകളെ കൂട്ടുന്നത്. സംഘപരിവാര്‍ അനുകൂല വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് ആഹ്വനം ചെയ്യുന്നത്. ഒത്തുചേരാന്‍ ആഹ്വാനം ചെയ്തുള്ള വാട്‌സ്ആപ് സന്ദേശങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഷഹീന്‍ബാഗ് സമരപ്പന്തല്‍ അക്രമിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്.

ജാഫറാബാദില്‍ സമരം നടന്നപ്പോള്‍ മറ്റൊരു ഷഹീന്‍ ബാഗ് അനുവദിക്കില്ലെന്ന ബിജെപി നേതാവിന്റെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു വടക്കുകിഴക്കന്‍ ദില്ലിയില്‍ ദിവസങ്ങളോളം കലാപം ആളിപ്പടര്‍ന്നത്. പൊലീസും കലാപകാരികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതും. ഇപ്പോഴത്തെ കലാപത്തിന്റെ പിന്നിലും സംഘപരിവാര്‍ അനുകൂല വാട്‌സ്ആപ് ഗ്രൂപ്പ്കളില്‍ സമാനമായ രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ദില്ലിക്ക് പുറത്തുനിന്ന് ആളുകളെ ഇറക്കി കലാപം നടത്തുകയുമായിരുന്നു. ഇപ്പോള്‍ ഇതേ മാതൃക പിന്തുടര്‍ന്നാണ് ഷഹീന്‍ ബാഗ് ആക്രമിക്കാന്‍ സംഘപരിവാര്‍ അനുകൂലികള്‍ പദ്ധതി തയ്യാറാക്കുന്നത്.

അതേസമയം, ദില്ലി കലാപം തടയുന്നതില്‍ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഐബിയും, സ്‌പെഷ്യല്‍ ബ്രാഞ്ചും കലാപത്തിന് മുന്നേ ദില്ലി പൊലീസിന് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണയാണ്. പക്ഷെ മുന്നറിയിപ്പ് ലഭിച്ചിട്ടും ദില്ലി പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കാഞ്ഞത് കലാപകാരികള്‍ക്ക് സഹായകരമായി.

ഐബി ആദ്യ സന്ദേശം നല്‍കിയത് ബിജെപി നേതാവ് കപില്‍ മിശ്ര പ്രവര്‍ത്തകരോട് മൗജ്പൂരില്‍ സംഘടിക്കാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഉച്ചക്ക് 1.22ന്.

എന്നാല്‍ നിര്‍ദേശം ലഭിച്ചിട്ടും ദില്ലി പൊലീസ് കണ്ണടച്ചു. ഇതിന് പിന്നാലെ കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ സംഘടിച്ചവര്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതിന് ശേഷം 5 തവണ ദില്ലി പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അനങ്ങാതിരുന്ന പൊലീസ് നടപടിയാണ് സംഘപരിവാറുകള്‍ക്ക് കലാപം നടത്താന്‍ സഹായകമായത്. പക്ഷെ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നാണ് പൊലീസിന്റെ അവകാശവാദം.

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34

ദില്ലിയില്‍ തുടരുന്ന വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി.

സംഘപരിവാര്‍ നടത്തിയ അതിക്രമങ്ങളില്‍ മുന്നൂറിലധികം പേര്‍ക്കാണ് പരുക്കേറ്റത്. നെഞ്ചിലും വയറ്റിലും വെടികൊണ്ട നിരവധി പേര്‍ ആശുപത്രി അത്യാഹിതവിഭാഗത്തില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും.

വടക്കു കിഴക്കന്‍ ദില്ലിയില്‍ വിവിധസ്ഥലങ്ങളില്‍ ഇന്നലെയും വെടിവെപ്പും കല്ലേറുമുണ്ടായിരുന്നു. കരാവല്‍ നഗറില്‍ ആസിഫ് എന്നയാള്‍ക്ക് വെടിയേറ്റു. ഭജന്‍പുരയില്‍ രാവിലെ ബാറ്ററിക്കടയ്ക്ക് സംഘപരിവാര്‍ ഗുണ്ടകള്‍ തീവച്ചു. കഴിഞ്ഞ രണ്ടുദിവസം തീവയ്പുണ്ടായ ഗോകുല്‍പുരിയില്‍ വീണ്ടും ടയര്‍ കടകള്‍ക്ക് തീയിട്ടു.

കലാപമേഖലകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സുരക്ഷ ഉറപ്പാക്കുമെന്ന് താന്‍ വാക്ക് നല്‍കുന്നെന്നും ഡോവല്‍ പറഞ്ഞു.

ഇതിനിടെ വീണ്ടും പ്രകോപനപ്രസംഗവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ലക്ഷ്മിനഗറില്‍ രാത്രി ബിജെപി എംഎല്‍എ അഭയ് വര്‍മയുടെ നേതൃത്വത്തില്‍ പ്രകോപനമുദ്രാവാക്യങ്ങളുമായി പ്രകടനം നടന്നു. പൊലീസിനെ കൊന്നവരെ വെടിവച്ച് കൊല്ലണം എന്ന മുദ്രാവാക്യവുമായാണ് പ്രകടനം നടന്നത്.

അതേസമയം, ദില്ലി കലാപം ദുഃഖകരമാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഐക്യരാഷ്ട സംഘടന ആവശ്യപ്പെട്ടു.
സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News