
കൊച്ചി: നടി ആക്രമിക്കപെട്ട കേസില്‍ നടി മഞ്ജുവാര്യരുടെ സാക്ഷി വിസ്താരം പുരോഗമിക്കുന്നു.
നടന്‍ സിദ്ദിഖും നടി ബിന്ദു പണിക്കരും വിസ്താരത്തിനായി എത്തിയിട്ടുണ്ട്. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളും കോടതിയില്‍ എത്തിയിട്ടുണ്ട്.
കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ച മഞ്ജുവാര്യര്‍ ഇപ്പോഴും മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നത് ഏറെ നിര്‍ണായകമാണ്. കേസില്‍ 11ാം സാക്ഷിയാണ് മഞ്ജുവാര്യര്‍.
കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എത്തിയ മഞ്ജു നടപടിക്രമങ്ങള്‍ക്ക് മുമ്പായി പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന് നിര്‍ണായകമാണ് മഞ്ജുവിന്റെ വിസ്താരം.
അതോടൊപ്പം തന്നെ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിനാണ് നടന്‍ സിദ്ദിഖിനെയും നടി ബിന്ദു പണിക്കരെയും വിസ്തരിക്കുന്നത്.
താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയ്ക്കായി നടന്ന റിഹേഴ്‌സലിനിടെ നടിയും ദിലീപും തമ്മിലുണ്ടായ വാക്കേറ്റത്തിന് സാക്ഷികളാണിരുവരും.
ദിലീപ് ഉള്‍പ്പെടെ കേസിലെ മറ്റ് പ്രതികളെല്ലാം കോടതിയില്‍ എത്തിയിരുന്നു. കേസില്‍ ആകെ 136 സാക്ഷികളാണുളളത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിസ്താരം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
വരുംദിവസങ്ങളില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവരെയും വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ അടച്ചിട്ട മുറിയിലാണ് രഹസ്യ വിസ്താരം നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here