ബിജെപിയെ വിറപ്പിച്ച ജസ്റ്റിസ് എസ് മുരളീധര്‍ ആരാണ് ?

ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് മുരളീധറിനെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയത് രാജ്യത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായി മാറിയിരിക്കുന്നു.

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചതും കലാപം തടയാന്‍ നടപടിയെടുക്കാത്ത ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചതും ജസ്റ്റിസ് മുരളീധറിനെ വാര്‍ത്താ താരമായി ഉയര്‍ത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് മുരളീധര്‍ ആരാണെന്ന അന്വേഷണം.

തമിഴ്‌നാട് സ്വദേശിയാണ് ജസ്റ്റിസ് മുരളീധര്‍.ദീര്‍ഘകാലം സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്തതിന് ശേഷമാണ് മുരളീധര്‍ ജഡ്ജിയാവുന്നത്.തന്റെ അഭിഭാഷക ജീവിത കാലത്ത് അദ്ദേഹം പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സൗജന്യ നിയമ സേവനം നല്‍കിയിരുന്നു.ഭോപ്പാല്‍ വാതക ദുരന്തത്തിന് ഇരയായവര്‍ക്കും നര്‍മ്മദ അണക്കെട്ട് പദ്ധതിയെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്കും വേണ്ടി അദ്ദേഹം പണം പറ്റാതെ കോടതിയില്‍ ഹാജരായി.

ജഡ്ജിയായതിന് ശേഷവും തന്റെ സ്ഥൈര്യം ജസ്റ്റിസ് മുരളീധര്‍ പ്രകടമാക്കി.സ്വവര്‍ഗ ബന്ധം കുറ്റകരമല്ലെന്ന ഹൈക്കോടതി വിധി അദ്ദേഹത്തിന്റേത് ആയിരുന്നു.സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് നിര്‍ഭയനായി വിധി പ്രഖ്യാപിക്കാനും അദ്ദേഹത്തിനായി.ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തി ജസ്റ്റിസ് മുരളീധറിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ രാഷ്ട്രീയ ധാര ഇദ്ദേഹത്തെ എത്രത്തോളം വെറുക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്.വിമര്‍ശനത്തിന്റെ പേരില്‍ ഗുരുമൂര്‍ത്തിക്ക് കോടതിയലക്ഷ്യ നടപടിയും നേരിടേണ്ടി വന്നു.

ഫെബ്രുവരി 12നാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിക്കൊണ്ടുളള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്.ഇതു സംബന്ധിച്ച പ്രമേയം പുറത്തു വന്നതാകട്ടെ 19നും.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ കൊളീജിയം മുരളീധര്‍ അടക്കം മൂന്ന് പേരേയാണ് സ്ഥലം മാറ്റാന്‍ ശുപാര്‍ശ നല്‍കിയത്.

കൊളേജിയം പ്രമേയം പുറത്തു വന്നതിന് തൊട്ടടുത്ത ദിവസം ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ജനത്തിന് ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെടുന്ന നടപടി എന്ന് ചൂണ്ടിക്കാട്ടി കോടതി ബഹിഷ്‌കരിച്ചു.ഇന്നലെ അര്‍ധരാത്രിയാണ് ജസ്റ്റിസ് മൊറെ,ജസ്റ്റിസ് മളീമഠ്,ജസ്റ്റിസ് മുരളീധര്‍ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവിറങ്ങിയത്.സ്ഥലം മാറ്റ ഉത്തരവില്‍ എന്നാണ് പുതിയ കോടതിയില്‍ ചുമതലയേല്‍ക്കേണ്ടത് എന്ന് ചൂണ്ടിക്കാണിക്കണം.എന്നാല്‍ അര്‍ധരാത്രി ഉത്തരവില്‍ ഈ കീഴ്വഴക്കം പാലിക്കപ്പെട്ടിട്ടില്ല.

മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്ത അന്ന് തന്നെ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിനെ സ്ഥലം മാറ്റാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ ഇതിന്മേല്‍ നടപടി ഇനിയുമുണ്ടായിട്ടില്ല.

ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ അവധിയിലാരുന്ന പശ്ചാത്തലത്തിലാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ഷ് മന്ദറിന്റെ പരാതി ജസ്റ്റിസ് മുരളീധറിന്റെ ബഞ്ചില്‍ മെന്‍ഷന്‍ ചെയ്തത്.തുടര്‍ന്ന് വാദം കേള്‍ക്കാന്‍ ജസ്റ്റിസ് മുരളീധര്‍ തയ്യാറാവുന്നു.എന്നാല്‍ കേസ് പരിഗണിക്കുന്നത് തന്നെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.എന്നാല്‍ എതിര്‍പ്പ് ജസ്റ്റിസ് മുരളീധറിന്റെ മുന്നില്‍ വിലപ്പോയില്ല.ബിജെപി നേതാക്കളായ കപില്‍ മിശ്ര,അഭയ് വര്‍മ്മ,പര്‍വേഷ് വര്‍മ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഡല്‍ഹി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടോയെന്ന് മുരളീധര്‍ ചോദിച്ചു.ഇല്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ മറുപടി.തുടര്‍ന്ന് വിദ്വേഷപ്രസംഗത്തിന്റെ വീഡിയോകള്‍ കോടതിയില്‍ കാണിക്കാന്‍ ജസ്റ്റിസ് മുരളീധര്‍ നിര്‍ദേശിച്ചു.ഈ വീഡിയോകളുടെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ജസ്റ്റിസ് മുരളീധര്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ ഹര്‍ഷ് മന്ദറിന്റെ പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍ നിന്ന് തിരിച്ചു വിളിക്കപ്പെട്ടു.ഇതിന് പിന്നാലെ സ്ഥലം മാറ്റ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.അങ്ങനെ രാജ്യമൊന്നാകെ ചര്‍ച്ച ചെയ്യുന്ന ഒന്നായി ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News