കലാപത്തിന്‍റെ കെടുതികള്‍ക്ക് കാതോര്‍ത്ത്; എല്ലാ ക്രൂരതയെയും അതിജീവിച്ച് അവന്‍ പിറന്നു; അതിജീവനത്തിന്‍റെ അടയാളമായി

ദില്ലി: വീടിനു തീകൊളുത്തിയ കലാപകാരികള്‍, തടയാന്‍ പോയപ്പോള്‍ മര്‍ദനം, ഗര്‍ഭിണിയായ തന്റെ അടിവയറ്റിലേറ്റ പ്രഹരം, കടുത്ത വേദനയോടെ ആശുപത്രിയിലേക്ക്, പിന്നെ പ്രസവം… ഡല്‍ഹിയിലെ കലാപദിവസങ്ങളില്‍ അതിജീവിച്ച ദുരിതത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞെട്ടലൊഴിഞ്ഞിട്ടില്ല മുപ്പതുവയസ്സുകാരിയായ ഷബാനയ്ക്ക്.

അടിയേറ്റിട്ടും പൂര്‍ണആരോഗ്യവാനായി പുറത്തേക്ക് വന്ന തന്റെ മകനെ അത്ഭുതശിശു എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ല ഈ അമ്മയ്ക്ക്.

ഡല്‍ഹി സംഘര്‍ഷഭരിതമായിത്തുടങ്ങിയ തിങ്കളാഴ്ച രാത്രിയിലാണ് ഡല്‍ഹിയിലെ കര്‍വാല്‍ നഗറിലെ ഇവരുടെ വീട്ടിലേക്ക് കലാപകാരികള്‍ ഓടിയെത്തിയത്.

ഇവര്‍ കിടന്നുറങ്ങിയിരുന്ന വീടിന് അക്രമികള്‍ തീകൊളുത്തി. ശബ്ദം കേട്ട് പുറത്തേക്കെത്തിയ വീട്ടുകാരെ സംഘം മര്‍ദിക്കാന്‍ തുടങ്ങി.

പൂര്‍ണഗര്‍ഭിണിയായ ഷബാനയുടെ വയറ്റിനും അക്രമകാരികള്‍ ചവിട്ടി. തടയാനെത്തിയ അമ്മയേയും ഭര്‍ത്താവിനേയും അക്രമികള്‍ മര്‍ദിച്ചു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഷബാനയുടെ അമ്മ പറഞ്ഞു.

വേദനകൊണ്ട് പുളഞ്ഞ ഷബാനയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവാനായിരുന്നു അവര്‍ നിര്‍ദേശിച്ചത്.

രണ്ട് ദിവസത്തിനുശേഷം അല്‍ ഹിന്ദ് ആശുപത്രിയില്‍ ഷബാന ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മര്‍ദനമേറ്റതിനെ തുടര്‍ന്ന് പ്രസവസങ്കീര്‍ണതകളുടെ ആശങ്ക ഉണ്ടായിരുന്നെങ്കിലും പൂര്‍ണ ആരോഗ്യവാനായ കുഞ്ഞിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ഷബാന വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

ആശുപത്രിയില്‍ നിന്നും എപ്പോള്‍ വിടുതല്‍ ലഭിക്കുമെന്ന് അറിയില്ല. പുറത്തുപോയാലും പറയാന്‍ ഇപ്പോള്‍ സ്വന്തമായി വീടോ സ്വത്തോ ഇല്ല.

എല്ലാം അവര്‍ തീവെച്ചു തകര്‍ത്തും ഇല്ലാതാക്കി. ബന്ധുക്കളുടെ വീട്ടിലേക്ക് പോകേണ്ടി വരുമെന്ന് ഷബാനയുടെ അമ്മ നസീമ പറഞ്ഞു. നാല് ദിവസങ്ങളോളം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചില മേഖലകളില്‍ നടന്ന കലാപത്തില്‍ 38 ജീവനുകളാണ് ഇല്ലാതായത്.

ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും അക്രമകാരികള്‍ തീവെച്ചുനശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here