ജോളിയുടെ ആത്മഹത്യാ ശ്രമം നാടകം; കൈയക്ഷര പരിശോധന നടക്കാനിരിക്കെ വലത് കൈ മുറിച്ചത് തെളിവെടുപ്പ് വൈകിപ്പിക്കാന്‍

ജോളിയുടെ ആത്മഹത്യാ ശ്രമം നാടകമെന്ന സംശയത്തില്‍ പോലീസ്. അന്നമ്മ തോമസ് കേസില്‍ നിര്‍ണ്ണായക കൈയക്ഷര പരിശോധന നടക്കാനിരിക്കെ വലത് കൈ മുറിച്ചത് തെളിവെടുപ്പ് വൈകിക്കാനെന്ന് സംശയമുയരുന്നു. അതേസമയം ജോളിക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് കോഴിക്കോട് കസബ സ്റ്റേഷനില്‍ പരാതി നല്‍കി

അന്നമ്മ തോമസ് വധക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 4 ന് ജോളിയുടെ കൈയക്ഷരം പരിശോധിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. കേസില്‍ നിര്‍ണ്ണായകമാകുമെന്ന് അന്വേഷണസംഘം കരുതുന്ന കൈയക്ഷരം പരിശോധിക്കാനുള്ള നീക്കല്‍ നിന്ന് ഒഴിവാകാനുളള ശ്രമമാണ് ഞരമ്പ് മുറിച്ചുള്ള ആത്മഹത്യാ നാടകമെന്നാണ് പോലീസ് സംശയിക്കുന്നത്. വലത് കൈയുടെ ഞരമ്പ് മുറിച്ചത് സംശയം ബലപ്പെടുത്തുന്നു.

ആത്മഹത്യ ആയിരുന്നു ലക്ഷ്യമെങ്കില്‍ എല്ലാവരും എഴുന്നേല്‍ക്കുന്നതിന് തൊട്ട് മുമ്പ് ചെയ്യുമായിരുന്നില്ല. പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും സംഭവദിവസം രാത്രി ജോളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് സഹതടവുകാരില്‍ നിന്ന് ജയിലധികൃതര്‍ക്ക് ലഭിച്ച വിവരം.
കൈയക്ഷരം പരിശോധിക്കുന്ന കാര്യം അഭിഭാഷകന്‍ വഴി ജോളി അറിഞ്ഞിരുന്നു. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണോ ജോളി ഞരമ്പ് മുറിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

തെറ്റായ വിദ്യാഭ്യാസ യോഗ്യത കാണിക്കാന്‍ വ്യാജ ബി കോം, എം കോം മാര്‍ക്ക് ലിസ്റ്റുകള്‍ ജോളി തന്നെ തയ്യാറാക്കിയിരുന്നു. സര്‍വകലാശാല രജിസ്റ്റര്‍ നമ്പരുള്ള ഒറിജനല്‍ മാര്‍ക്ക് ലിസ്റ്റുകളില്‍ പേര് മാറ്റിയാണ് മാര്‍ക്ക് ലിസ്റ്റുകള്‍ നിര്‍മ്മിച്ചത്. ഡിഗ്രി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ഇതേ രീതിയില്‍ നിര്‍മ്മിച്ചു.

എം ജി യൂണിവേഴ്‌സിറ്റിയുടെ ബി കോം, കേരള യൂണിവേഴ്‌സിറ്റിയുടെ എം കോം മാര്‍ക്ക് ലിസ്റ്റുകളാണ് അന്നമ്മയെ കബളിപ്പിക്കാനായി വ്യാജമായി നിര്‍മ്മിച്ചത്. കൈ സാധരണ നിലയിലായാലുടന്‍ കൈയക്ഷര പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ജോളിയെ 2 ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel