ദില്ലിയില്‍ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വംശഹത്യ: മുഹമ്മദ് റിയാസ്

ദില്ലി: സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വംശഹത്യയാണ് ദില്ലിയില്‍ നടന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വര്‍ഗീയ കലാപത്തില്‍ പരിക്കേറ്റവരെ ജിടിബി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു റിയാസ്.

പൊലീസ് നോക്കിനില്‍ക്കെ സ്വകാര്യ പട്ടാളമെന്നനിലയില്‍ ആര്‍എസ്എസ് ഗുണ്ടാ വിളയാട്ടമാണ് നടന്നത്. ജനങ്ങളെ തമ്മിലടിപ്പിച്ച് ജീവല്‍പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധനീക്കാനുള്ള ഗൂഢനീക്കമാണുണ്ടായത്.

ജുഡീഷ്യറി യഥാസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാടെടുത്തിരുന്നെങ്കില്‍ ഇത്തരം പ്രശ്നം ഉണ്ടാകില്ലായിരുന്നു. ജുഡീഷ്യറിക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പരിക്കുപറ്റിയവര്‍ക്കെല്ലാം മികച്ച ചികിത്സ ഉറപ്പാക്കാനായിട്ടില്ല. ആശുപത്രികളിലുള്ളവരും ഭയത്തിലാണ്.

സത്യം തുറന്നുപറയാതിരിക്കാന്‍ ആശുപത്രികളിലും ആളുകള്‍ സംഘടിച്ചിരിക്കുകയാണ്. ആക്രമണത്തിനിരയായവര്‍ക്ക് നിയമപരവും ജനാധിപത്യപരവുമായ എല്ലാ സഹായവും നല്‍കും. ഇതുമായി ബന്ധപ്പെട്ട് കൈകോര്‍ക്കാന്‍ സാധിക്കുന്ന എല്ലാ സംഘടനകളുമായും വ്യക്തികളുമായി യോജിച്ച് പോരാടും. നാടിന്റെ സമാധാനത്തിനായി നിലകൊള്ളുമെന്നും റിയാസ് പറഞ്ഞു.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, ട്രഷറര്‍ എസ് കെ സജീഷ്, ലീഗല്‍സെല്‍ കണ്‍വീനര്‍ കെ ആര്‍ സുഭാഷ്ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സന്ദര്‍ശിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here