പൂര്‍ണഗര്‍ഭിണിയെ പോലും വെറുതെ വിടാതെ സംഘപരിവാര്‍ ക്രൂരത; വയറ്റില്‍ ആഞ്ഞു ചവിട്ടി; ആ ദിവസങ്ങളെ ഷബാന ഓര്‍ത്തെടുക്കുന്നു

ദില്ലി: സംഘപരിവാറിന്റെ ആക്രമണങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മുപ്പതുവയസ്സുകാരിയായ ഷബാനയ്ക്ക് ഇപ്പോഴും ഞെട്ടലാണ്.

ആ ദിവസത്തെക്കുറിച്ച് ഷബാന ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ:

തിങ്കളാഴ്ച രാത്രിയിലാണ് കര്‍വാല്‍ നഗറിലെ വീട്ടിലേക്ക് സംഘപരിവാര്‍ ആക്രമികള്‍ ഓടിയെത്തിയത്. ഇവര്‍ കിടന്നുറങ്ങിയിരുന്ന വീടിന് അക്രമികള്‍ തീകൊളുത്തി.

ശബ്ദം കേട്ട് പുറത്തേക്കെത്തിയ വീട്ടുകാരെ സംഘം മര്‍ദിക്കാന്‍ തുടങ്ങി. പൂര്‍ണഗര്‍ഭിണിയായ ഷബാനയുടെ വയറ്റിനും അക്രമകാരികള്‍ ചവിട്ടി. തടയാനെത്തിയ അമ്മയേയും ഭര്‍ത്താവിനേയും അക്രമികള്‍ മര്‍ദിച്ചു.

വേദനകൊണ്ട് പുളഞ്ഞ ഷബാനയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവാനായിരുന്നു അവര്‍ നിര്‍ദേശിച്ചത്. രണ്ട് ദിവസത്തിനുശേഷം അല്‍ ഹിന്ദ് ആശുപത്രിയില്‍ ഷബാന ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

മര്‍ദനമേറ്റതിനെ തുടര്‍ന്ന് പ്രസവസങ്കീര്‍ണതകളുടെ ആശങ്ക ഉണ്ടായിരുന്നെങ്കിലും പൂര്‍ണ ആരോഗ്യവാനായ കുഞ്ഞിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ഷബാന വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

ആശുപത്രിയില്‍ നിന്നും എപ്പോള്‍ വിടുതല്‍ ലഭിക്കുമെന്ന് അറിയില്ല. പുറത്തുപോയാലും പറയാന്‍ ഇപ്പോള്‍ സ്വന്തമായി വീടോ സ്വത്തോ ഇല്ല.

എല്ലാം അവര്‍ തീവെച്ചു തകര്‍ത്തും ഇല്ലാതാക്കി. ബന്ധുക്കളുടെ വീട്ടിലേക്ക് പോകേണ്ടി വരുമെന്ന് ഷബാനയുടെ അമ്മ നസീമ പറഞ്ഞു.

നാല് ദിവസങ്ങളോളം വടക്കുകിഴക്കന്‍ ദില്ലിയിലെ ചില മേഖലകളില്‍ നടന്ന സംഘപരിവാര്‍ കലാപത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.
ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും അക്രമകാരികള്‍ തീവെച്ചുനശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel