ദേവനന്ദയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരണം; ശ്വാസകോശത്തിലും രക്തകുഴലുകളിലും ചെളിയുടെയും വെള്ളത്തിന്റെയും അംശം; മൃതദേഹം വീട്ടിലെത്തിച്ചു

തിരുവനന്തപുരം: കൊല്ലം ഇളവൂരിലെ ഏഴു വയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ശ്വാസകോശത്തിലും രക്തകുഴലുകളിലും ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തിയെന്നും മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോയില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നുവെന്നും ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താനായില്ലെന്നുമാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആന്തരികായവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമെ അന്തിമതീരുമാനത്തിലെത്താനാകൂയെന്ന് പൊലീസ് പറഞ്ഞു.

രാവിലെ പതിനൊന്ന് അമ്പതോടെയാണ് ദേവനന്ദയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  എത്തിച്ചത്. തുടർന്ന് രണ്ട് മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടപടികൾ.

മന്ത്രി തോമസ് ഐസക്, സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയര്‍ ശ്രീകുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം രണ്ടേകാലോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച കാണാതായ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ തന്നെ ഉണ്ടായിരുന്നു.

മുറിവുകളും മറ്റു ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി.

നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈ സമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.

തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല.

മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, കുട്ടി മുങ്ങി മരിച്ചാതാണെന്ന നിഗമനത്തിലെത്തിയാല്‍ പോലും ദേവനന്ദ പുഴയുടെ സമീപത്ത് എത്തിയതെങ്ങനെയെന്നുള്ളതിന് മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു. അക്കാര്യം പൊലീസിന്റെ അന്വേഷണത്തില്‍ മാത്രമെ കണ്ടെത്താനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News